ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ഭരണകാലത്ത് രജിസ്‌റ്റർ ചെയ്‌ത സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ എല്ലാ കേസുകളും പിൻവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. പതിനാറാമത് സംസ്ഥാന നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഹൈഡ്രോകാർബൺ പദ്ധതികൾ, കൂടങ്കുളം ന്യൂക്ലിയർ പ്ലാന്‍റ്, സേലം-ചെന്നൈ എട്ട് പാത എക്‌സ്‌പ്രസ് വേ പദ്ധതി എന്നിവയ്‌ക്കെതിരെ സമാധാനപരമായി സമരം നടത്തിയവർക്കെതിരെ സമർപ്പിച്ച എല്ലാ കേസുകളും റദ്ദാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കൂടങ്കുളം ആണവ നിലയത്തിലെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
പ്രത്യേക ചികിത്സ കേന്ദ്രങ്ങൾ
കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ചികിത്സയ്‌ക്കായി എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും എം.കെ സ്‌റ്റാലിൻ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങൾ അവയുടെ പഴമ നഷ്‌ടപ്പെടാതെ നവീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര രഥങ്ങളും മറ്റും നന്നാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ക്ഷേത്ര നവീകരണത്തിനായി 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.