ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനുമായി വാക്പോരിലേര്‍പ്പെട്ട മധുര ജില്ല പ്രസിഡന്‍റ് പി ശരവണനെ പുറത്താക്കി ബിജെപി. ധനമന്ത്രി പളനിവേൽ ത്യാഗരാജന്‍റെ കാറിനു നേരെ ചെരിപ്പ് എറിഞ്ഞത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് പുറത്താക്കല്‍. എന്നാല്‍ സംഭവത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തി ശരവണന്‍ മാപ്പ് പറഞ്ഞിരുന്നു.
അതേസമയം, ഡിഎംകെയിലേക്ക് മടങ്ങിപ്പോകുന്നതിനെ സംബന്ധിച്ചുള്ള സൂചനകളും ശരവണന്‍ നല്‍കി. ബിജെപിയില്‍ എത്തുന്നതിന് മുമ്പ് ഡിഎംകെക്കൊപ്പമായിരുന്നു ഇദ്ദേഹം. ബിജെപിയില്‍ നിന്ന് പുറത്താക്കിയ നടപടിയിലും ശരവണന്‍ പ്രതികരണവുമായെത്തി. ബിജെപി ജാതി രാഷ്‌ട്രീയവും, വെറുപ്പിന്‍റെ രാഷ്‌ട്രീയവുമാണ് മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മനസമാധാനമാണ് പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം ധനമന്ത്രിയുമായുണ്ടായ സംഭവത്തിലും മനസുതുറന്നു. "മന്ത്രിയുടെ പ്രതികരണം വ്യക്തിപരമാണെന്ന് താന്‍ കരുതി. പ്രോട്ടോക്കോൾ വശം മാത്രമാണ് മന്ത്രി പരാമര്‍ശിച്ചത്, എന്നാല്‍ താന്‍ അത് തെറ്റിദ്ധരിക്കുകയായിരുന്നു" എന്ന് ശരവണന്‍ പറഞ്ഞു. എന്നാല്‍ ശരവണനെ ഭരണകക്ഷിയായ ഡിഎംകെ ഭീഷണിപ്പെടുത്തിയതാവാം എന്ന് ബിജെപിയുടെ തമിഴ്‌നാട് വൈസ് പ്രസിഡന്‍റ് നാരായണന്‍ തിരുപ്പതി പറഞ്ഞു.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച റൈഫിൾമാൻ ഡി ലക്ഷ്‌മണന് ആദരാഞ്‌ജലികൾ അര്‍പ്പിക്കാന്‍ ശരവണനും ബിജെപി പ്രവർത്തകരും എത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിരിക്കെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ എത്തിയത് എന്ന് ധനമന്ത്രി ശരവണനോടും സംഘത്തോടും ചോദിച്ചു. ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യക്കാരനായാൽ മതിയെന്ന് ശരവണന്‍ മന്ത്രിക്ക് മറുപടിയും നല്‍കി.
തുടര്‍ന്ന് മന്ത്രി മടങ്ങുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് എറിഞ്ഞ ചെരിപ്പ് മന്ത്രിയുടെ വാഹനത്തിന്‍റെ ബോണറ്റില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി അഹങ്കാരിയാണെന്ന് ആരോപിച്ചും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് പോര്‍മുഖം തുറക്കുന്നത്.