ചെന്നൈ:തമിഴ്‌നാട്ടില്‍ 7,819 പുതിയ കൊവിഡ് രോഗികളും 25 മരണവും. സംസ്ഥാനത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 9,54,948 ഉം മരണസംഖ്യ 12,970 ഉം ആയി. 24 മണിക്കൂറിനിടെ 3,464 പേര്‍ കൂടി രോഗമുക്തരായതോടെ 54,315 പേരാണ് ഇനി ചികിത്സയിലുള്ളത്. സാഹചര്യം അതീവ ഗുരുതരമായ ചെന്നൈയില്‍ മാത്രം 2,564 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ രോഗബാധിതരായവരുടെ എണ്ണം 2,72,118 ആയി. മരണസംഖ്യയും ഞെട്ടിക്കുന്നതാണ്, 4,344 മരണങ്ങള്‍. സംസ്ഥാനത്തെ 18 ഓളം ജില്ലകളില്‍ മൂന്നക്കത്തിലാണ് പുതിയ രോഗികളുടെ എണ്ണം.
വാക്സിന്‍ വിമുഖത തുടരുന്നു; തമിഴ്നാട്ടില്‍ 7,819 പുതിയ രോഗികളും 25 മരണവും
54,315 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അര്‍ഹരായ 2.02 കോടിയാളുകളില്‍ വാക്സിന്‍ സ്വീകരിച്ചത് 27 ലക്ഷം പേര്‍ മാത്രം.
കൊവിഡ് സാഹചര്യം ഗുരുതരമാകുമ്പോഴും സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ കാട്ടുന്ന വിമുഖത തന്നെയാണ് വാക്സിനേഷനെ പിന്നോട്ടടിക്കുന്നത്. സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള 2.02 കോടിയാളുകളില്‍ സ്വമേധയാ വാക്സിന്‍ സ്വീകരിക്കാനെത്തിയത് 27 ലക്ഷം പേര്‍ മാത്രം.
വാക്സിനേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് തമിഴ്നാട് ആരോഗ്യ വകുപ്പ്. കേന്ദ്രത്തിന്‍റെ 'ടിക്കാ ഉത്സവിന്‍റെ' ഭാഗമായി 22 പ്രചാരണ വാഹനങ്ങള്‍ ആരോഗ്യ വകുപ്പ് നിരത്തിലിറക്കി. അര്‍ഹരായവര്‍ വാക്സിന്‍ സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുമായി വാഹനങ്ങള്‍ സംസ്ഥാനത്ത് പര്യടനം നടക്കുമെന്ന് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണം. ചന്തകളില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കരുതെന്നും പൊതുവിടങ്ങളില്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.