ചെന്നൈ : തമിഴ്‌നാട്ടില്‍ കസ്റ്റഡിയിലെടുത്ത യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്ത സംഭവത്തില്‍ അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുനെല്‍വേലി - അംബാസമുദ്രം സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് ബാല്‍വീര്‍ സിങ്ങിനെതിരെയാണ് നടപടി.
പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ തുടര്‍ നടപടി സ്വീകരിക്കും. കസ്റ്റഡിയിലെടുക്കുന്നവരുടെ പല്ലുകള്‍ പറിച്ചെടുക്കുന്നുവെന്ന ഏതാനും പേരുടെ പരാതിയെ തുടര്‍ന്നാണ് എഎസ്‌പിക്കെതിരെ നടപടി സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനിലെ ഇത്തരം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധവുമായി നേതാജി സുഭാഷ് സേന, പുരട്‌ചി ഭാരതം കച്ചി എന്നീ സംഘടനകളും രംഗത്ത് വന്നിരുന്നു.
പല്ല് പറിക്കല്‍ ഒരു ഹോബിയാണ് :കസ്റ്റഡിയിലെടുക്കുന്നവരുടെ പല്ല് പറിക്കുന്നത് എഎസ്‌പിയുടെ ഹോബിയാണെന്നും സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത 40 ലധികം പേരുടെ പല്ലുകള്‍ എഎസ്‌പി പിഴുത് കളഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. 2022 ഒക്‌ടോബര്‍ 15നാണ് ബാല്‍വീര്‍ സിങ് അംബാസമുദ്രത്തില്‍ എഎസ്‌പിയായി നിയമിതനായത്. വേക്കൻസി റിസർവിന് (വിആർ) കീഴിലാണ് നിയമിച്ചത്.