തമിഴ്‌നാട് :ചെങ്കൽപെട്ടിൽ നിയന്ത്രണം വിട്ട ലോറി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചുകയറി നാല് മരണം. പോത്തേരിക്ക് സമീപം ദേശീയ പാതയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ലോറി നിയന്ത്രണം നഷ്‌ടപ്പെട്ട് മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരുചക്രവാഹന യാത്രികരായ നാല് പേരാണ് മരണപ്പെട്ടത്.
എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുഡുവഞ്ചേരി ട്രാഫിക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് ദമ്പതികൾ മരിച്ചു : ഓഗസ്റ്റ് 9ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലും സമാന സംഭവം ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ പാഞ്ഞുകയറി ദമ്പതികള്‍ മരിച്ചു. സോളനിലേക്ക് ആപ്പിള്‍ കയറ്റി പോകുകയായിരുന്ന ട്രക്ക് തിയോഗ്-ഛൈല റോഡില്‍ വച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ജുബ്ബാല്‍ സ്വദേശികളായ മോഹന്‍ സിങ് നേഗി ഭാര്യ ആശ നേഗി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് റോഡിലൂടെ നിരങ്ങി നീങ്ങുയും ഇതിനിടെ റോഡരികില്‍ പാര്‍ക്ക് ചെയ്‌ത വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിക്കുകയും ചെയ്‌തു.
Read More :നിയന്ത്രണം വിട്ട ട്രക്ക് റോഡരികിലെ വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു, ദമ്പതികള്‍ക്ക് ദാരുണാന്ത്യം ; നടുക്കുന്ന ദൃശ്യം
ഓഗസ്‌റ്റ് ആറിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചിരുന്നു. കോരുകൊണ്ട മണ്ഡലത്തിലെ ബുരുഗുപുഡി ഗ്രാമത്തിലാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണാണ് അപകടം.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് കാറുകളിലായി 10 പേരടങ്ങുന്ന സംഘം കിഴക്കൻ ഗോദാവരി ജില്ലയിലെ വെള്ളച്ചാട്ടങ്ങളുള്ള മാറേഡുമില്ലി ബയോ ഡൈവേഴ്‌സിറ്റി ഹബ്ബിലേക്ക് വിനോദയാത്രയ്‌ക്ക് പോയി മടങ്ങിവരുന്ന വഴി ഒരു കാർ കനാലിലേയ്‌ക്ക് മറിഞ്ഞാണ് അപകടം.
Read More :കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് ബി ടെക് വിദ്യാർഥികൾ മരിച്ചു
ഓഗസ്‌റ്റ് അഞ്ചിന് ജാർഖണ്ഡിൽ ബസ് നദിയിലേയ്‌ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. യാത്രക്കാരുമായി റാഞ്ചിയിൽ നിന്ന് ഗിരിദിഹിലേയ്‌ക്ക് വരികയായിരുന്ന ബസ് രാത്രി 8.40 ഓടെ ബരാകിർ നദിയിലേയ്‌ക്ക് മറിയുകയായിരുന്നു. ഗിരിദിഹ് - ദുമ്രി ദേശീയ പാതയിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് ബസ് അപകടത്തിൽപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More :Bus Accident Giridih | ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം : 4 മരണം, 20 ഓളം പേർക്ക് പരിക്ക്