ഹൈദരാബാദ് :സര്‍ക്കാര്‍ പരിപാടിയുടെ ഉദ്‌ഘാടനത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥക്കെതിരെ ട്വിറ്റര്‍ ഉപയോക്താവ്. സര്‍ക്കാരിന് കീഴില്‍ ഡിഎൻഎ സീക്വൻസിംഗ് സൗകര്യം ഉദ്‌ഘാടനം ചെയ്‌തതിന് ശേഷം തമിഴ്‌നാട് പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ഇതിന്‍റെ ചിത്രം 'ഇന്ന് താന്‍ ഉദ്‌ഘാടനം ചെയ്‌തത്' എന്നറിയിച്ച് ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ ശ്രീറാം എന്നു പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലിന്‍റെ ഉപയോക്താവാണ് ചീഫ് സെക്രട്ടറിയുടേത് അല്‍പത്തരമാണെന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയത്.
ഞാന്‍ ഉദ്‌ഘാടനം ചെയ്‌തതെന്ന് ഐഎഎസുകാരി, അതിനെന്തെന്ന് ഉപയോക്താവ്: ഇന്ന് ഞാൻ ഉദ്ഘാടനം ചെയ്ത ഞങ്ങളുടെ അഡ്വാൻസ്ഡ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ വൈൽഡ് ലൈഫ് കൺസർവേഷനിലെ അത്യാധുനികമായ ഡിഎൻഎ സീക്വൻസിങ് സൗകര്യമാണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തേത്. ഇത് തമിഴ്‌നാട് വനം വകുപ്പിന് അഭിമാനകരമാണെന്നും സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ ഈ ട്വീറ്റിന് താഴെയായി ശ്രീറാം എന്ന ഉപയോക്താവ് മറുപടിയുമെത്തി. ആ വകുപ്പിന് ഒരു മന്ത്രിയുണ്ടെന്നും അദ്ദേഹത്തിന്‍റെ സഹായം കൊണ്ടാവും താങ്കള്‍ ഇതിന് പ്രാപ്‌തയായതെന്നും വ്യക്തമാക്കിയിരുന്നു ഈ മറുപടി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മഹാമനസ്കനാണെന്നും ഇതേ സ്ഥാനത്ത് ജയലളിതയോ കലൈഞ്ജറോ ആയിരുന്നെങ്കിൽ ഒരു മന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവകന്‍ ഇത്തരത്തില്‍ ക്രെഡിറ്റ് കൈപ്പറ്റില്ലെന്നും ഉപയോക്താവ് മറുപടിയില്‍ അവകാശപ്പെട്ടു.