ചെന്നൈ :വാഹനപരിശോധനയ്‌ക്കിടെ ആക്രമിച്ച രണ്ടുപേരെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയെന്ന് തമിഴ്‌നാട് പൊലീസ്. താംബരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് (ഓഗസ്റ്റ് 01) പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് കൊല്ലപ്പെട്ടതെന്നും തമിഴ്‌നാട് പൊലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിനോദ് എന്ന ഛോട്ട വിനോദ് (35), രമേഷ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. 10 കൊലക്കേസ് ഉള്‍പ്പടെ അന്‍പതോളം കേസുകളില്‍ പ്രതിയാണ് വിനോദ്. അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് രമേഷ്.
ഗുഡുവഞ്ചേരി (Guduvancheri) പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മുരുകേശന്‍, എസ്‌ഐ ശിവഗൃനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറുങ്കൽ റോഡിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കായി നിന്നിരുന്നത്. ഇതിനിടെ അമിത വേഗതയിലെത്തിയ ഒരു കാര്‍ തടഞ്ഞുനിര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചാണ് നിര്‍ത്തിയത്.
ഇതിന് പിന്നാലെ ആയുധങ്ങളുമായി പുറത്തിറങ്ങിയ ക്രിമിനല്‍ സംഘം ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കൊടുവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്‌ടറുടെ കൈയ്‌ക്ക് പരിക്കേറ്റു. ഇയാളുടെ കഴുത്തിന് നേരെയും പ്രതികള്‍ വെട്ടാനോങ്ങിയിരുന്നു.
എന്നാല്‍, ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉദ്യോഗസ്ഥന്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അക്രമകാരികളില്‍ ഒരാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്‌ടറാണ് മറ്റൊരാളെ വെടിവച്ചത്. ഇതിനുപിന്നാലെ മറ്റ് രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.