ന്യൂഡൽഹി:കാവേരി നദിക്ക് കുറുകെ മെക്കെഡറ്റു അണക്കെട്ട് നിർമിക്കുന്ന പദ്ധതിയിൽ നിന്ന് കർണാടക സർക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ. ഏകദേശം 9,000 കോടി രൂപ ചെലവിൽ 67.16 ടിഎംസി അടി സംഭരണശേഷിയും, 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമായ മെക്കെഡറ്റു പദ്ധതി ആസൂത്രണം ചെയ്യുന്നത് കാവേരി തർക്ക ട്രൈബ്യൂണൽ തീരുമാനങ്ങളുടെ കടുത്ത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.
താഴ്‌ന്ന നദീതട സംസ്ഥാനങ്ങളിലേക്കുള്ള ജലവിതരണത്തെ ബാധിക്കുന്ന തരത്തിൽ ഉയർന്ന നദീതട സംസ്ഥാനങ്ങൾ ഒരു നടപടിയും സ്വീകരിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് കർണാടകയുടെ പുതിയ പദ്ധതി ആസൂത്രണമെന്നും തമിഴ്‌നാട് സർക്കാർ ആരോപിക്കുന്നു. കർണാടക സർക്കാർ ഏകപക്ഷീയമായി കേന്ദ്ര ജലകമ്മീഷന് (സിഡബ്ല്യുസി) അയച്ച പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് സുപ്രീംകോടതി വിധി മാനിക്കാതെ സിഡബ്ല്യുസിയും അംഗീകരിച്ചതായി തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചു.