ചെന്നൈ: ഒഡിഷയിലെ ബാലസോറിലെ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയുടെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചു. നിരവധി തമിഴ്‌നാട് സ്വദേശികള്‍ അപകടത്തില്‍ പെട്ടതായാണ് ലഭിക്കുന്ന വിവരം.
മന്ത്രി സംഘം ബാലസോറിലേക്ക്:സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, ശിവശങ്കര്‍, അന്‍ബില്‍ മഹേഷ് എന്നിവര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 'വിശദാംശങ്ങൾ അന്വേഷിക്കാൻ ഞങ്ങൾ അവിടേക്ക് പോകുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒഡിഷ മുഖ്യമന്ത്രിയുമായി സംസാരിച്ചു. സ്ഥലത്തെത്തിയ ശേഷം ഞാൻ നിങ്ങളെ വിവരങ്ങള്‍ അറിയിക്കും. ട്രെയിൻ അപകടത്തിൽപ്പെട്ട തമിഴ്‌നാട് സ്വദേശികള്‍ക്കായി ആശുപത്രി സൗകര്യങ്ങളും സജ്ജമാണ്' - മന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈ എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കലൈഞ്ജർ പ്രതിമയിലും കലൈഞ്ജർ സ്‌മാരകത്തിലും മുഖ്യമന്ത്രി സ്റ്റാലിന്‍ ആദരാഞ്ജലി അർപ്പിക്കും. ബാക്കിയുള്ള എല്ലാ പൊതുയോഗങ്ങളും പരിപാടികളും റദ്ദാക്കി. ഇന്ന് വൈകുന്നേരം നടത്താനിരുന്ന സെക്യുലർ പുരോഗമന സഖ്യ നേതാക്കളുടെ പൊതുയോഗം മാറ്റിവച്ചതായും അടുത്ത തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുശോചിച്ച് കേരള മുഖ്യമന്ത്രി:ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് പിണറായി വിജയൻ ട്വീറ്റിൽ പറഞ്ഞു. 'ഒഡിഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങൾക്ക് എന്‍റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് കേരളം ഒഡിഷയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു' -പിണറായി വിജയന്‍ ട്വീറ്റ് ചെയ്‌തു.