മധുര :തമിഴ്‌നാട് അവണിയാപുരം ജല്ലിക്കട്ട് മത്സരത്തിലെ വിജയിക്ക് നല്‍കിയത് ട്രോഫിയും ഏഴുലക്ഷത്തിന്‍റെ പുത്തന്‍ നിസാന്‍ കാറും. തമിഴ് വിളവെടുപ്പ് ഉത്സവം പൊങ്കല്‍ ദിനമായ ഇന്ന് സംഘടിപ്പിച്ച മത്സരത്തില്‍ മധുര ജയ്ഹിന്ദ്പുരം സ്വദേശി വിജയ് എന്ന യുവാവാണ് 28 കാളകളെ തളച്ച് ഒന്നാമതെത്തിയത്.
17 കാളകളെ പിടികൂടി അവണിയാപുരം സ്വദേശി കാർത്തിക്കാണ് രണ്ടാമതെത്തിയത്. 13 കാളകളെ കീഴടക്കി വിലങ്ങുടി സ്വദേശി ബാലാജി മൂന്നാം സ്ഥാനവും നേടി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, മുന്‍ മുഖ്യമന്ത്രി കരുണാനിധി എന്നിവരുടെ പേരിലുള്ള സമ്മാനമാണ് മത്സരത്തില്‍ ഒന്നാമതെത്തിയ ആള്‍ക്ക് നല്‍കിയത്. 700ലധികം കാളകളും 300 ആളുകളുമാണ് ജല്ലിക്കട്ടിൽ പങ്കെടുത്തത്.
മികച്ച കാളയ്‌ക്കും പുരസ്‌കാരം..! :മത്സരത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കാളയ്ക്കും പ്രത്യേക പുരസ്‌കാരമുണ്ടായിരുന്നു. കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പേരിലുള്ള ഈ സമ്മാനം കാളയുടെ ഉടമയ്‌ക്കാണ് നല്‍കിയത്. ഇരുചക്ര വാഹനമാണ് പുരസ്‌കാരമായി ഉടമ മധുര കത്തനേന്തല്‍ സ്വദേശി കാമേഷിന് നല്‍കിയത്. ജല്ലിക്കട്ടില്‍ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവര്‍ക്കുള്ള സമ്മാനമായി പശു, പശുക്കിടാവ് എന്നിവയെ നല്‍കി. വില്ലപുരം കാർത്തിക്കിന്‍റെ കാള രണ്ടാം സ്ഥാനവും അവണിയാപുരം മുരുകന്‍റെ കാള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.