ചെന്നൈ:കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ ആരാധനാലയങ്ങളും മാളുകളും വീണ്ടും തുറക്കുന്നതും മറ്റ് 23 ജില്ലകളിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നതും അനുമതി നൽകി. ജൂൺ 28 മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
27 ജില്ലകളില്‍ ജിംസ്, യോഗ സെന്‍ററുകൾ (50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം), മ്യൂസിയങ്ങൾ, സംരക്ഷിത സ്മാരകങ്ങൾ എന്നിവ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ തുറക്കും. കോയമ്പത്തൂർ, തഞ്ചാവൂർ ഉള്‍പ്പടെയുള്ള 11 ജില്ലകളില്‍ ഇവയ്‌ക്ക് പ്രവർത്താനുമതിയില്ല. അതേസമയം സംസ്ഥാനത്തൊട്ടാകെയുള്ള ആളുകൾക്ക് രാവിലെ അഞ്ചിനും ഒമ്പതിനും ഇടയിൽ ബീച്ചുകളില്‍ പ്രവേശനം നൽകും.
ചില നിയന്ത്രണങ്ങൾ തുടരും
അതേസമയം മറ്റ് നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ തുടരാനും സർക്കാർ തീരുമാനിച്ചു. ബാറുകളും സിനിമാശാലകളും അടഞ്ഞ് കിടക്കും. വടക്കൻ തമിഴ്‌നാട്ടിലെ ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂർ, ചെംഗൽപേട്ട് എന്നീ നാല് ജില്ലകളിൽ ഷോപ്പിങ് കോംപ്ലക്സുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ വീണ്ടും തുറക്കും. താരതമ്യേന കൊവിഡ് വ്യാപനം കുറഞ്ഞ ജില്ലകളാണിത്.
Read Also…………തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികള്‍ കുറയുന്നു
എല്ലാത്തരം തുണിക്കടകളും സ്വർണക്കടകളും ഈ നാല് ജില്ലകളിൽ പരമാവധി 50 ശതമാനം ഉപഭോക്താക്കളെ അനുവദിച്ചുകൊണ്ട് പ്രവർത്തിക്കും. ചെന്നൈയിലും മറ്റ് മൂന്ന് ജില്ലകളിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാൻ കഴിയും.
ജില്ലകളെ ഗ്രൂപ്പുകളായി തിരിച്ചു
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി 38 ജില്ലകളെ മൂന്ന് പ്രത്യേക ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രമീകരണം.
രണ്ടാമത്തെ ഗ്രൂപ്പിലെ മറ്റ് 23 ജില്ലകളിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി അന്തര്‍ ജില്ല ബസ് സര്‍വീസ് പുനരാരംഭിക്കും. ചെന്നൈയിലും ചെംഗൽപേട്ട് ഉൾപ്പെടെ സമീപത്തുള്ള മൂന്ന് ജില്ലകളിലും മാത്രമാണ് നിലവില്‍ പൊതു ബസ് സര്‍വീസുള്ളത്.
താരതമ്യേന കൂടുതൽ കേസുകളുള്ള മറ്റ് 11 ജില്ലകളിലെ ആദ്യ വിഭാഗത്തിൽ, ചായക്കടകൾ കൂടാതെ വിവിധതരം ചെറുകിട കടകളുടെ പ്രവർത്തന സമയം വൈകുന്നേരം 7 മണി വരെ നീട്ടിയിട്ടുണ്ട്. ആദ്യ ഗ്രൂപ്പിന് കീഴിലുള്ള ഈ ജില്ലകളിൽ, അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഓഫീസുകൾ 100 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും, മറ്റ് വിഭാഗങ്ങളിൽ ഉള്ളവർ 50 ശതമാനം തൊഴിലാളികളുമായി പ്രവർത്തിക്കും. മറ്റ് പ്രദേശങ്ങളിലെ സർക്കാർ ഓഫിസുകൾ ഇതിനകം തന്നെ പൂർണമായി പ്രവർത്തിക്കുന്നു. ഈ 11 ജില്ലകളിൽ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഏഴും (കോയമ്പത്തൂർ ഉൾപ്പെടെ), താവാവൂർ പോലുള്ള കാവേരി ഡെൽറ്റ മേഖലയിൽ നാലെണ്ണവും ഉൾപ്പെടുന്നു.
ഈ- പാസ് നിർബന്ധമാക്കി
ഗ്രൂപ്പ് രണ്ട്, മൂന്ന് വിഭാഗങ്ങളിലെ ജില്ലകളിലൂടെയുള്ള യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാറ്റഗറി ഒന്ന് മേഖലകളിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഇ-പാസ് ആവശ്യമാണ്.
രണ്ടാം വിഭാഗത്തിലെ 23 ജില്ലകളിൽ അരിയലൂർ, കടലൂർ, ധർമ്മപുരി, ദിണ്ടിഗുൾ, കല്ലകുരിചി, കന്യാകുമാരി, കൃഷ്ണഗിരി, മധുര, പെരമ്പലൂർ, പുതുക്കോട്ടൈ, രാമനാഥപുരം, റാണിപേട്ട്, ശിവഗംഗ എന്നിവ ഉൾപ്പെടുന്നു. 27 ജില്ലകളില്‍ സർക്കാർ നടത്തുന്ന ചില്ലറ മദ്യവിൽപ്പന ശാലകളും സലൂണുകളും വീണ്ടും തുറക്കും.