ചെന്നൈ : വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയായ ‘കലൈഞ്ജര്‍ മകളിർ ഉറിമൈ’ (Kalaignar Magalir Urimai) മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (M K Stalin) ഉദ്ഘാടനം ചെയ്‌തു (Tamil Nadu Launched Rs 1000 Monthly Assistance Scheme for Women). മുൻ മുഖ്യമന്ത്രിയും ഡി എം കെ സ്ഥാപകനുമായ അണ്ണാദുരൈയുടെ (Annadurai) ജന്മദിനത്തിൽ അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് (Kanchipuram) വച്ചായിരുന്നു പദ്ധതിയുടെ ഉദ്‌ഘാടനം. പ്രധാന ചടങ്ങിനുപുറമെ ഓരോ ജില്ലകളിലും സംസ്ഥാന മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉദ്‌ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നു (Kalaignar Magalir Urimai).
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള 1.06 കോടി സ്ത്രീകളാണ് പദ്ധതിയില്‍ ഗുണഭോക്താക്കളായിട്ടുള്ളത്. വീട്ടമ്മമാർക്ക് പരിപാടിയിൽവച്ച് എ ടി എം കാർഡുകള്‍ വിതരണം ചെയ്തു. ഉദ്ഘാടനം ഇന്നായിരുന്നെങ്കിലും കഴിഞ്ഞ ദിവസം തന്നെ ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ പണം കൈമാറിത്തുടങ്ങിയിരുന്നു.
വീട്ടമ്മമാര്‍ക്ക് പ്രതിമാസം നല്‍കുന്ന പണം സര്‍ക്കാര്‍ സഹായമല്ല, അവകാശമാണെന്ന പ്രഖ്യാപനത്തോടെയാണ് ഡി എം കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്ന ‘കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ’ പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ അധികാരത്തിലേറി 2 വർഷത്തിനുശേഷമാണ് പദ്ധതിക്ക് തുടക്കം കുറിക്കാനായത്. തമിഴ്‌നാട് സർക്കാർ നടപ്പാക്കുന്ന ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ ഇത് നടപ്പാക്കാൻ പ്രതിവർഷം 12,780 കോടി രൂപ വേണ്ടിവരും. ഇപ്പോള്‍ തന്നെ 12,000 കോടി രൂപ സർക്കാർ പദ്ധതിക്കുവേണ്ടി നീക്കിവച്ചിട്ടുണ്ട്.