കേരളം

kerala

ETV Bharat / bharat

ആദ്യം പുറത്താക്കി ഉത്തരവ്, പിന്നെ റദ്ദാക്കി: സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടിയില്‍ മലക്കം മറിഞ്ഞ് ഗവര്‍ണര്‍ - എംകെ സ്റ്റാലിന്‍

വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കിയ നടപടി ഗവര്‍ണര്‍ റദ്ദാക്കി.

Tamil Nadu Governor puts on hold dismissal of jailed minister Senthil Balaji  Senthil Balaji  Tamil Nadu Governor  സെന്തില്‍ ബാലാജി  ഗവര്‍ണര്‍ ആർ എൻ രവി  എംകെ സ്റ്റാലിന്‍
സെന്തില്‍ ബാലാജി

By

Published : Jun 30, 2023, 8:25 AM IST

Updated : Jun 30, 2023, 10:22 AM IST

ചെന്നൈ:എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റുചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കി ഗവര്‍ണര്‍ ആർഎൻ രവി. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പുതിയ തീരുമാനം. സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനങ്ങളില്‍ നിന്നും നീക്കിയത് ചോദ്യം ചെയ്‌ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഉത്തരവ് പിന്‍വലിച്ചത്.

തൊഴില്‍ തട്ടിപ്പ് കേസില്‍ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കികൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ ആർ എൻ രവി പുറത്തിറക്കിയത്. മന്ത്രിമാരെ നേരിട്ട് നിയമിക്കുന്നതിനും പുറത്താക്കുന്നതിനും ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നിരിക്കെയായിരുന്നു ആർ എൻ രവിയുടെ അസാധാരണ നടപടി. ഒരു മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഇല്ലാതെ മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംഭവം കൂടി ആയിരുന്നു ഇത്.

സെന്തില്‍ ബാലാജിയെ പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടിയില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ, ഇക്കാര്യത്തില്‍ നിയപരമായ ഇടപടെല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍ തീരുമാനം മരവിപ്പിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയ ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും രാജ്‌ഭവന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

More Read :Tamil Nadu Politics | മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി ഗവര്‍ണര്‍ ; കലങ്ങിമറിഞ്ഞ് തമിഴ്‌നാട് രാഷ്ട്രീയം

കള്ളപ്പണം വെളുപ്പിക്കല്‍, ജോലിക്ക് വേണ്ടി പണം കൈപ്പറ്റി എന്നിങ്ങനെയുള്ള അഴിമതിക്കേസുകളില്‍ ക്രിമിനല്‍ നടപടി നേരിടുന്നത് കൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും ഉടനടി പുറത്താക്കുന്നതെന്നായിരുന്നു രാജ്‌ഭവന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌ത സെന്തില്‍ ബാലാജി അന്വേഷണത്തെ സ്വാധീനിച്ചു, നിയമനടപടി ക്രമങ്ങള്‍ തടസപ്പെടുത്തി എന്നീ ആരോപണങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. മന്ത്രിസഭയില്‍ സെന്തില്‍ ബാലാജി തുടരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍ നടപടി.

റെയ്‌ഡും പിന്നാലെ അറസ്റ്റും:സെന്തില്‍ ബാലാജി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ഈ മാസം 14ന് ആയിരുന്നു സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ 13നായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സി തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് എത്തിയത്.

സെക്രട്ടേറിയറ്റില്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ മുറിയിലും പുറമെയായി അദ്ദേഹത്തിന്‍റെ വസതിയിലും അന്വേഷണസംഘം റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡിന് പിന്നാലെ ആയിരുന്നു സെന്തില്‍ ബാലാജിയുടെ അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിനിടെ ആരോഗ്യനില വഷളായ സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചിരുന്നെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇത് വന്‍ വിവാദത്തിനും വഴിവെച്ചിരുന്നു.

Also Read :ED Raid | തമിഴ്‌നാട് വൈദ്യുതി മന്ത്രിയുടെ വസതിയിലും ഓഫിസിലും റെയ്‌ഡ്; സംഘമെത്തുമ്പോള്‍ സെന്തില്‍ ബാലാജി പ്രഭാത നടത്തത്തില്‍

Last Updated : Jun 30, 2023, 10:22 AM IST

ABOUT THE AUTHOR

...view details