ചെന്നൈ : ലോക്ക്‌ഡൗൺ നീട്ടിയതിന് പിന്നാലെ ജില്ല കലക്‌ടർമാർക്ക് കർശന നിർദേശങ്ങളുമായി തമിഴ്‌നാട് സർക്കാർ. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി വീടുതോറുമുള്ള സർവേ നടപടി ശക്തമാക്കണമെന്ന് കലക്‌ടർമാരോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിര്‍ദേശിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അദ്ദേഹം കലക്‌ടർമാർ, പൊലീസ് സൂപ്രണ്ടുമാർ, മെഡിക്കൽ അധികൃതർ എന്നിവരെ അഭിസംബോധന ചെയ്തത്. രോഗബാധിതർക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ സജീവമാക്കുക, പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, വാക്സിനേഷൻ ഡ്രൈവ് വേഗത്തിലാക്കുക തുടങ്ങിയവ നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ ലോക്ക്‌ഡൗൺ സമയത്ത് പൊതുജനങ്ങൾക്കാവശ്യമായ പച്ചക്കറികൾ, പഴങ്ങൾ, പാൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കണം. ഓക്‌സിജന്‍റെയും ജീവൻരക്ഷാ മരുന്നുകളുടെയും ലഭ്യത ഉറപ്പുവരുത്തുകയും രോഗം പകരുന്നത് നിയന്ത്രിക്കുകയും ചെയ്യേണ്ടത് അതത് ജില്ലാ കലക്‌ടർമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ്-19 : കലക്‌ടർമാർക്ക് കർശന നിർദേശങ്ങളുമായി സ്റ്റാലിന്‍ സർക്കാർ
കൊവിഡ് രോഗികളെ കണ്ടെത്തുന്നതിനായി വീടുതോറുമുള്ള സർവേ നടപ്പാക്കണം. പരിശോധനയും വാക്സിനേഷൻ ഡ്രൈവും വർധിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി.
കൂടുതൽ വായനയ്‌ക്ക്:ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയതായി തമിഴ്‌നാട് സർക്കാർ
ജനങ്ങൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കാർഷിക ഉത്പന്നങ്ങള്‍ ഗതാഗതമാര്‍ഗം കൊണ്ടുപോകുന്നതിന് തടസം നേരിടുന്നില്ലെന്നും ഉറപ്പ് വരുത്തണം. സർക്കാർ ആശുപത്രികളിലെ രോഗികൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം, പാൽ, വെള്ളം എന്നിവ ലഭ്യമാക്കണം. കൂടാതെ രോഗലക്ഷണങ്ങളുള്ളവർക്കും കൊവിഡ് പോസിറ്റീവ് ആകുന്നവർക്കും ആശുപത്രികളിലേക്ക് എത്തുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുതെന്നും അദ്ദേഹം നിർദേശിച്ചു. കൊവിഡ് രണ്ടാം തരംഗം കണക്കിലെടുത്ത് മെയ് 10ന് സംസ്ഥാനത്ത് രണ്ടാഴ്‌ചത്തെ ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ മെയ് 24 മുതൽ ഇത് ഒരാഴ്‌ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.