നീലഗിരി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടം നടന്ന സ്ഥലം തമിഴ്‌നാട് ഫോറൻസിക് വിഭാഗം പരിശോധിച്ചു. ഫോറന്‍സിക് വിഭാഗം മേധാവി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൂനുരിലെ കാട്ടേരിയിലെത്തിയത്.
വ്യോമസേന മേധാവി എയർ മാർഷൽ വി.ആർ ചൗധരിയും ഇന്ന് അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് ഡിജിപി സി ശൈലേന്ദ്രബാബുവിനൊപ്പമാണ് അദ്ദേഹം സംഭവ സ്ഥലത്തെത്തിയത്.
സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്റർ ബുധനാഴ്‌ച ഉച്ചയ്ക്കാണ് അപകടത്തിൽപെട്ടത്. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സന്ദർശനത്തിനായി പോകുമ്പോഴായിരുന്നു അപകടം.