ചെന്നൈ:തമിഴ്‌നാട് വെളിപ്പാളയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഡ്യൂട്ടിക്കിടെ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്‌തതിനാണ് നടപടി(Two Tamil Nadu cops suspended after joining BJP on duty). സ്‌പെഷ്യൽ സബ് ഇൻസ്‌പെക്‌ടർ കാർത്തികേയനെയും സബ് ഇൻസ്‌പെക്‌ടർ രാജേന്ദ്രനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. ആവുരിത്തിടലിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ നടത്തിയ റോഡ് ഷോയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ച് പുലിവാലു പിടിച്ചത്.
ബിജെപി അംഗങ്ങളെ ചേർക്കുന്ന സ്‌റ്റാളിലേക്ക് പോയ പൊലീസുകാർ ചട്ടങ്ങളുടെ ലംഘനം നടത്തി എൻറോൾമെന്‍റിന് ആവശ്യമായ നമ്പറിലേക്ക് 'മിസ്‌ഡ് കോൾ' നൽകിയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സർവീസ് ചട്ടങ്ങളുടെ ലംഘനവും പ്രോട്ടോക്കോളുകളുടെ ലംഘനവുമാണ് നടന്നതെന്ന് നാഗപട്ടണം ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് ഹര്‍ഷ് സിങ് അന്ന് തന്നെ പ്രാഥമിക അന്വേഷണം നടത്തി, ഇരുവരെയും ഡിസംബർ 28-ന് ആംഡ് റിസർവ് വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.