ചെന്നൈ :മന്ത്രിസഭയിൽ നിന്ന് സെന്തിൽ ബാലാജിയെ പുറത്താക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഗവർണർ ആർ എൻ രവിയ്‌ക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഗവർണറുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് സ്റ്റാലിൻ അഞ്ച് പേജുകളുള്ള കത്തെഴുതിയത്. ബാലാജിയെ പുറത്താക്കാനുള്ള തീരുമാനം തിടുക്കത്തിൽ ഉള്ളതാണെന്ന് പറഞ്ഞ സ്റ്റാലിൻ ഗവർണറുടെ ഭരണഘടന വിരുദ്ധമായ നിർദ്ദേശങ്ങൾ പാലിക്കൻ ഒരുക്കമല്ലെന്നും കത്തിലൂടെ വ്യക്‌തമാക്കി.
താങ്കളുടെ തീരുമാനത്തിന് പൂർണ്ണമായ അവഗണന മാത്രമേ ആവശ്യമുള്ളൂവെങ്കിലും, ഈ വിഷയത്തിൽ വസ്‌തുതകളും നിയമവും വ്യക്തമാക്കുന്നതിനാണ് ഞാൻ കത്തെഴുതുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റാലിൻ കത്ത് ആരംഭിച്ചിരിക്കുന്നത്. അറ്റോർണി ജനറലിന്‍റെ അഭിപ്രായം തേടാനാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് താങ്കൾ പിൻവലിച്ചത്.
ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുന്നതിന് മുൻപ് താങ്കൾ നിയമപരമായ അഭിപ്രായം പോലും സ്വീകരിച്ചിട്ടില്ല എന്നതാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. ഈ വിഷയത്തിൽ നിയമോപദേശം സ്വീകരിക്കാൻ നിങ്ങളോട് നിർദേശിക്കാൻ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യമായി വന്നു എന്നത് ഇന്ത്യൻ ഭരണഘടനയെ അവഗണിച്ച് നിങ്ങൾ തിടുക്കത്തിൽ പ്രവർത്തിച്ചുവെന്നാണ് കാണിക്കുന്നത് - സ്റ്റാലിൻ പറഞ്ഞു.
ഗവർണറുടെ ഇരട്ടത്താപ്പ് : അതേസമയം അഴിമതി വിഷയത്തിൽ ഗവർണർ ഇരട്ടത്താപ്പ് പ്രയോഗിച്ചുവെന്നും കത്തിൽ ആരോപിക്കുന്നു. എഐഎഡിഎംകെ സർക്കാരിന്‍റെ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ മുൻ മന്ത്രിമാരെയും പൊതുപ്രവർത്തകരെയും അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും അനുവദിക്കണമെന്ന എന്‍റെ സർക്കാരിന്‍റെ അഭ്യർഥനയിൽ താങ്കൾ വിശദീകരിക്കാനാകാത്ത മൗനം തുടരുകയാണ്.