ചെന്നൈ:കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടുന്നതിന് മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കൊവിഡ് രോഗികൾക്കായുള്ള കിടക്കകൾ, മെഡിസിൻ സ്റ്റോക്കുകൾ, ഓക്‌സിജൻ എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചെന്നൈയിലെ കൊവിഡ് ഏകീകൃത കമാൻഡ് സെന്‍റർ പരിശോധിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതിന് വേണ്ടുന്ന മുൻകരുതലുകൾ എടുക്കുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ വാർ റൂം സന്ദർശനം. പരിശോധനയ്‌ക്കിടയിൽ 104 ഹെൽപ്പ്‌ലൈൻ നമ്പറിൽ സഹായമഭ്യർഥിച്ച് വന്ന ഫോൺകോൾ സ്വീകരിച്ച അദ്ദേഹം വിളിച്ച വ്യക്തിയുടെ ആവശ്യപ്രകാരം ചെന്നൈ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ കിടക്ക കണ്ടെത്തി നൽകാനും സഹായിച്ചു.
Also Read:കൊവിഡ് രണ്ടാം തരംഗം കേന്ദ്രത്തിന്‍റെ കഴിവുകേട്: സ്റ്റാലിന്‍
കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് സേവനമനുഷ്‌ഠിക്കുന്നതിനിടയിൽ മരിച്ച 43 മുൻനിര ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ വീതം സർക്കാർ നൽകുമെന്ന് സ്റ്റാലിൻ മെയ് 12ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.