ചെന്നൈ :ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലുള്ള തറവാട് സ്വന്തമാക്കി തമിഴ് ചലച്ചിത്ര താരം. ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടനും നിര്‍മാതാവുമായ മണികണ്‌ഠനാണ് അശോക് നഗറിലെ സുന്ദർ പിച്ചൈയുടെ പഴയവീടും ഭൂമിയും സ്വന്തമാക്കിയത്. സിനിമയെ കൂടാതെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള പരിചയസമ്പത്താണ് മണികണ്‌ഠനെ പിച്ചൈയുടെ തറവാട് വീട്ടിലേക്ക് എത്തിക്കുന്നത്.
ഇന്ത്യയ്‌ക്ക് അഭിമാനം, ഇനി മണികണ്‌ഠനും: സുന്ദർ പിച്ചൈ ഇന്ത്യക്ക് തന്നെ അഭിമാനമായതിനാൽ, അദ്ദേഹം ജനിച്ച വീട് വാങ്ങുന്നത് തന്നെ സംബന്ധിച്ച് ആവേശം വര്‍ധിപ്പിച്ചതായി മണികണ്‌ഠന്‍ പ്രതികരിച്ചു. പ്രസ്‌തുത സ്ഥലത്ത് വില്ല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം മനസുതുറന്നു. ചെല്ലപ്പാസ് ബിൽഡേഴ്‌സ് എന്ന ബ്രാൻഡിന് കീഴിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 300 ഓളം വീടുകൾ ഇതിനോടകം മണികണ്ഠൻ നിർമിച്ച് വില്‍പന നടത്തിയിട്ടുണ്ട്.
Also read: വനിത സംരംഭകര്‍ക്കായി 75 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിക്കും: സുന്ദര്‍ പിച്ചൈ
ഇതിലേക്ക് എത്തിപ്പെട്ട കഥ മണികണ്‌ഠന്‍ പറയുന്നു : 20 വയസ് വരെ പിച്ചൈ താമസിച്ചിരുന്നതും ബാല്യത്തിന്‍റെ മനോഹര ഓര്‍മകള്‍ നെയ്‌തതും ഈ വീട്ടിലാണ്. പിന്നീട് ഖരഗ്‌പൂര്‍ ഐഐടിയിൽ മെറ്റലർജിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നതിനായി അദ്ദേഹം 1989ലാണ് ഈ നഗരം വിടുന്നത്.പിച്ചൈയുടെ തറവാട് വില്‍പനയ്‌ക്കുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ അത് വാങ്ങണമെന്ന് തീരുമാനിച്ചുറപ്പിച്ചു.
പിന്നീട് സുന്ദര്‍ പിച്ചൈയുടെ പിതാവും സ്ഥലം ഉടമയുമായ ആര്‍.എസ് പിച്ചൈ യു.എസ്സില്‍ നിന്ന് മടങ്ങിവരുന്നതിനായുള്ള കാത്തിരിപ്പായിരുന്നു. അങ്ങനെ അവര്‍ എത്തിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയില്‍ പിച്ചൈയുടെ മാതാപിതാക്കളുടെ വിനയപരമായ പെരുമാറ്റത്തില്‍ തനിക്ക് ഒന്നുകൂടി മതിപ്പുളവായി. ആദ്യ കൂടിക്കാഴ്‌ചയില്‍ സുന്ദര്‍ പിച്ചൈയുടെ അമ്മ ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കി നല്‍കിയെന്നും പിതാവ് അന്നുതന്നെ രേഖകള്‍ കൈമാറാമെന്ന് വാഗ്‌ദാനം ചെയ്‌തതായും മണികണ്‌ഠന്‍ പറഞ്ഞു.
എന്നാല്‍ ഈ പുരയിടത്തിന്‍റെ വില്‍പനയും രജിസ്‌ട്രേഷനും വേഗത്തിലാക്കാനായി തന്‍റെ മകന്‍റെ പേര് അതിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും മണികണ്‌ഠന്‍ വ്യക്തമാക്കി. മാത്രമല്ല വസ്‌തുവിന്‍റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും വരെ സുന്ദര്‍ പിച്ചൈയുടെ പിതാവ് രജിസ്ട്രേഷൻ ഓഫിസിൽ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും, വസ്‌തുവിന്‍റെ എല്ലാ നികുതികളും തീര്‍ത്താണ് അദ്ദേഹം രേഖകള്‍ തനിക്ക് കൈമാറിയതെന്നും മണികണ്‌ഠന്‍ കൂട്ടിച്ചേര്‍ത്തു.
Also read: ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ... ആൽഫബെറ്റിൽ 12,000 പേർക്ക് തൊഴില്‍ നഷ്‌ടമാകും
മുമ്പ് 'ആയുസിന്‍റെ പുസ്‌തകം' പിറന്ന വീടും: പ്രശസ്‌ത സാഹിത്യകാരന്‍ സി.വി ബാലകൃഷ്‌ണൻ്റെ 'ആയുസിൻ്റെ പുസ്‌തകം' പിറന്ന തറവാട്ടുവീട് അടുത്തിടെ ഓർമയാകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കഥാകൃത്ത് ജനിച്ചുവളർന്ന പയ്യന്നൂർ അന്നൂർ സഞ്‌ജയൻ സ്‌മാരക വായനശാലയ്‌ക്ക് എതിർവശത്തായുള്ള ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചുവ്വാട്ട വടക്കേക്കര തറവാട്ടുവീടാണ് പൊളിച്ചുനീക്കിയത്. ഒരുപാട് ജനനങ്ങൾക്കും മരണങ്ങൾക്കും സാക്ഷ്യം വഹിച്ച തറവാട് ഇല്ലാതാകുന്നത് ഏറെ വിഷമകരമാണെന്ന് സി.വി ബാലകൃഷ്‌ണന്‍ തന്നെ പ്രതികരിച്ചിരുന്നു.ഒരുപാട് ജീവിതങ്ങൾ കണ്ട വീടാണതെന്നും തന്‍റെ ജനനം മുതൽ ഇതുവരെയുള്ള വളർച്ചയിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് ഈ വീടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.