സ്റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ബിഗ് സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രത്തിലാണ് ഇരുവരും സ്‌ക്രീന്‍ സ്‌പെയിസ് പങ്കിടുന്നത്.
നെല്‍സണ്‍ ദിലീപ്‌കുമാറുമായി ഇതാദ്യമായാണ് രജനികാന്ത് ഒന്നിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഇപ്പോഴിതാ രജനികാന്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കിടുകയാണ് തമന്ന ഭാട്ടിയ.
ഒരു ദേശീയ വാര്‍ത്ത ഏജന്‍സിയോടാണ് തമന്നയുടെ പ്രതികരണം. പ്രമുഖ താരം രജനികാന്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യവും അനുഗ്രഹവുമാണെന്നാണ് തമന്ന പറയുന്നത്. രജനികാന്തിനൊപ്പം പ്രവർത്തിക്കുക എന്നത് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്നും തമന്ന പറഞ്ഞു.
'ജയിലർ' സെറ്റിൽ ചെലവഴിച്ച ഓർമ്മകൾ ഞാൻ എപ്പോഴും നെഞ്ചിലേറ്റും. ആത്മീയ യാത്രയെ കുറിച്ചുള്ള ഒരു പുസ്‌തകം സമ്മാനിച്ചു. വളരെ ചിന്തിപ്പിക്കുന്നതായിരുന്നു ആ സമ്മാനം. ആ പുസ്‌തകത്തില്‍ അദ്ദേഹം ഒരു ഓട്ടോഗ്രാഫ് പോലും രേഖപ്പെടുത്തിയിരുന്നു'.
രജനികാന്ത്, തമന്ന എന്നിവരെ കൂടാതെ ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യ കൃഷ്‌ണന്‍, യോഗി ബാബു, വസന്ത് രവി, വിനായകന്‍ എന്നിവരും ജയിലറില്‍ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം.
'ജയിലര്‍' കൂടാതെ മറ്റ് ചില പ്രോജക്‌ടുകളുടെയും തിരക്കിലാണിപ്പോള്‍ തമന്ന. 'ജീ കര്‍ഡ' എന്ന വെബ് സീരീസും തമന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്. പരസ്‌പരം വ്യത്യസ്‌തരായ എന്നാൽ വളരെ ആത്മ ബന്ധമുള്ള ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ ജീവിതം പകർത്തുന്ന രസകരവും നാടകീയതയും വികാരങ്ങളും നിറഞ്ഞ ഒരു റൈഡിലേക്ക് ഷോ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ജൂൺ 15ന് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സീരീസ് റിലീസിനെത്തുന്നത്. അരുണിമ ശർമ്മയാണ് 'ജീ കര്‍ഡ'യുടെ സംവിധാനം. ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവര്‍ ചേർന്നാണ് വെബ് സീരീസിന്‍റെ രചന. ദിനേശ് വിജന്‍റെ മഡ്ഡോക്ക് ഫിലിംസ് ആണ് നിർമാണം. ആഷിം ഗുലാത്തി, സുഹൈൽ നയ്യാർ, അന്യ സിങ്, ഹുസൈൻ ദലാൽ, സയൻ ബാനർജി, സംവേദ്‌ന സുവൽക്ക എന്നിവരും 'ജീ കര്‍ഡ'യുടെ ഭാഗമാണ്.
ഋഷബ് (സുഹൈൽ നയ്യാർ) തന്‍റെ ദീർഘകാല കാമുകി ലാവണ്യയോട് (തമന്ന ഭാട്ടിയ) പ്രണയാഭ്യർത്ഥന നടത്തുന്നു. അവരുടെ സ്‌കൂള്‍ സുഹൃത്തുക്കൾ ഒരു വിവാഹ ആഘോഷത്തില്‍ പങ്കുചേരുകയും, ചില സങ്കീർണതകൾ ഉണ്ടാകുകയും ബന്ധങ്ങളില്‍ കൗതുകകരമായ വഴിത്തിരിവ് ഉണ്ടാവുകയും ചെയ്യുന്നു.
'ജീ കര്‍ഡ'യില്‍ പ്രവര്‍ത്തിച്ച അനുഭവവും തമന്ന പങ്കുവച്ചു. 'ഈ ഷോ വളരെ യഥാർത്ഥമാണ്. സീരീസില്‍ ഒരു യഥാർത്ഥ മുംബൈ പെൺകുട്ടിയാണ്. അതുകൊണ്ട് തന്നെ ഈ വൈബ്രന്‍റ് സിറ്റിയില്‍ വളര്‍ന്നു. സ്‌കൂളിൽ ഞാൻ ഉണ്ടാക്കിയ സൗഹൃദങ്ങൾ മറ്റൊന്നിൽ നിന്നും വ്യത്യസ്‌തമായിരുന്നു. അത്തരം ബന്ധങ്ങൾ മാറ്റാന്‍ ആകാത്തതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ഷോ യഥാർഥത്തിൽ ഗൃഹാതുരത്വത്തിന്‍റെ സാരാംശം ഉൾക്കൊള്ളുന്നു.' - തമന്ന ഭാട്ടിയ പറഞ്ഞു.
Also Read:ലളിതമാണ്, എന്നാല്‍ ആകര്‍ഷണീയവും; രജനികാന്തിനൊപ്പം ജയിലറില്‍ തമന്നയും