മുംബെെ: രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ സഖ്യം ഉണ്ടാകേണ്ടതുണ്ടെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുമായി ബന്ധപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
'രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ സഖ്യം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ കോൺഗ്രസ് ഇല്ലാതെ ഒരു സഖ്യമുണ്ടാക്കാന്‍ സാധിക്കില്ല. അത് ആത്മാവായിരിക്കും. കൂടുതല്‍ കൂടിയാലോചനകളിലൂടെ നേതൃത്വം തീരുമാനിക്കാം. പ്രത്യയശാസ്ത്രപരമായി മൂന്ന് വ്യത്യസ്ത പാർട്ടികൾ (ശിവസേന, എൻസിപി, കോൺഗ്രസ്) ഒത്തുചേർന്ന ശേഷമാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി (എംവിഎ) രൂപീകരിച്ചത്.
read more:പുതുക്കിയ കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ പുറത്തിറക്കി
നേതൃത്വം ഏകകണ്ഠമായി ഉദ്ധവ് താക്കറെക്ക് നൽകി. ഇത് അനുയോജ്യമായ ഒരു സഖ്യമാണ്, അത് നന്നായി പ്രവർത്തിക്കുന്നു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസം, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ പശ്ചിമ ബംഗാളിൽ ഒരു സീറ്റ് പോലും നേടിയില്ലെന്നത് നല്ലതല്ല.
സർക്കാരിലായാലും പ്രതിപക്ഷമായാലും കോൺഗ്രസ് കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. എൻസിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഞാൻ ഈ വിഷയങ്ങൾ ചർച്ച ചെയ്തു.പക്ഷേ അദ്ദേഹം രോഗാവസ്ഥയിലായതിനാൽ മുംബൈയിലാണ്. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.' റാവത്ത് വ്യക്തമാക്കി.