ഭുവനേശ്വർ: 2023 ജൂണ്‍ 2, വെള്ളിയാഴ്‌ച: സമയം രാത്രി ഏഴരയോടടുത്തിരുന്നു. അത്താഴത്തിനുള്ള ഒരുക്കത്തിലായിരുന്നു ചിലര്‍. ചിലരാകട്ടെ തൊട്ടടുത്തിരിക്കുന്നവരോട് സംസാരിക്കുന്ന തിരക്കില്‍. മൊബൈല്‍ ഫോണില്‍ കുത്തിയും കുറിച്ചും ചിലര്‍, പുറം കാഴ്‌ചകളിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍, ഉറക്കത്തിലേക്ക് വഴുതി വീണവര്‍...അങ്ങനെ ഒട്ടനവധി പേര്‍. പെട്ടെന്നാണ് കാതടപ്പിക്കുന്ന ശബ്‌ദത്തോടെ ട്രെയിന്‍ പാളത്തില്‍ നിന്ന് തെന്നി നീങ്ങിയത്. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നതിന് മുന്നേ എല്ലാം തലകീഴായി മറിഞ്ഞു.
ഹൃദയമിടിപ്പ് നിന്നുപോയ നിമിഷം. ജീവിതത്തില്‍ അന്നുവരെ നടന്നതെല്ലാം ഒരൊറ്റ സെക്കന്‍ഡില്‍ മനസിന്‍റെ സ്‌ക്രീനില്‍ മിന്നി മറഞ്ഞിരിക്കണം ആ മനുഷ്യര്‍ക്ക്. വീട്ടില്‍ കാത്തിരിക്കുന്നവരുടെ മുഖവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കാം. കണ്ണു തുറന്നവര്‍ കണ്ടത് ഒപ്പം ഇരുന്നവരില്‍ പലരും ജീവനറ്റു കിടക്കുന്ന കാഴ്‌ചയാണ്. കൈകാലുകള്‍ വേര്‍പെട്ടും മാരകമായി മുറിവേറ്റും അക്കൂട്ടത്തില്‍ പലരും ഉണ്ടായിരുന്നു. കൊറോമണ്ഡല്‍ എക്‌പ്രസിന്‍റെ 'യാത്ര' ചരിത്രത്തില്‍ വീണ്ടുമൊരു ഇരുണ്ട വെള്ളിയാഴ്‌ച കുറിച്ചു കൊണ്ടാണ് കഴിഞ്ഞ രാത്രി കടന്നു പോയത്. ദുരന്തത്തിന് സാക്ഷിയാകാന്‍ വീണ്ടും വിധിക്കപ്പെട്ട് ഒഡിഷയും.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2009 ഫെബ്രുവരി 13, കോറോമണ്ഡല്‍ എക്‌പ്രസിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തിയ ആദ്യത്തെ വെള്ളിയാഴ്‌ച. സമയം രാത്രി 7.30 പിന്നിട്ടിരുന്നു. ആ രാത്രി ഒഡിഷയിലെ ജജ്‌പൂര്‍ ജില്ലയില്‍ ട്രാക്ക് മാറുന്നതിനിടെ കോറോമണ്ഡല്‍ എക്‌പ്രസിന്‍റെ 13 ബോഗികളാണ് പാളം തെറ്റിയത്. അന്നത്തെ അപകടത്തില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും 161 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ബാലസോറിലെ അപകടത്തേക്കാള്‍ മരണ സംഖ്യ കുറവായിരുന്നു എന്നത് ഒഴിച്ചാല്‍ ആശ്വസിക്കാന്‍ മറ്റൊന്നും ഇല്ല. പാളം തെറ്റിയ 13 ബോഗികള്‍ ഒന്ന് മറ്റൊന്നിലേക്ക് ഇടിച്ച് കയറിയത് 2009-ലെ ദുരന്തത്തെ വളരെയധികം ഭീകരമാക്കി.