ദുബായ്: ടി 20 ലോകകപ്പിലെ നിർണായക മത്സരത്തില്‍ സ്കോട്‌ലണ്ടിന് എതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദുബായില്‍ മികച്ച മാർജിനില്‍ ജയം അനിവാര്യമായിരുന്ന ഇന്ത്യ ദുർബലരായ സ്‌കോട്‌ലണ്ടിനെ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടി20 ലോകകപ്പിലെ അതിവേഗ അർധസെഞ്ച്വറിയുമായി തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച കെഎല്‍ രാഹുലും ബൗളർമാരും ചേർന്നാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
നാല് ഓവറില്‍ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവി ജഡേജയാണ് കളിയിലെ കേമൻ. സ്‌കോട്‌ലണ്ട് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് അഫ്‌ഗാനിസ്ഥാനും ന്യൂസിലൻഡിനും മുകളില്‍ നെറ്റ് റൺറേറ്റ് നേടാനായി.
7.1 ഓവറില്‍ സ്‌കോട്‌ലണ്ടിനെ മറികടന്നാല്‍ അഫ്‌ഗാനെയും 8.5 ഓവറില്‍ ജയിച്ചാല്‍ ന്യൂസിലൻഡിനെയും നെറ്റ് റൺറേറ്റില്‍ ഇന്ത്യയ്ക്ക് മറികടക്കാനാകുമായിരുന്നു. അതാണ് ഇന്ത്യ 6.3 ഓവറില്‍ മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി കെഎല്‍ രാഹുല്‍ 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും അടക്കം 50 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 30 റൺസും നേടി പുറത്തായി. മാർക് വാറ്റിനും ബ്രാഡിനുമാണ് വിക്കറ്റുകൾ ലഭിച്ചത്. വിരാട് കോലി രണ്ട് റൺസോടെയും സൂര്യകുമാർ യാദവ് ആറ് റൺസോടെയും പുറത്താകാതെ നിന്നു.