ദുബായ്:ടി 20 ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായതിന്റെ വിഷമം ദുർബലരായ നമീബിയയോട് തീർത്ത് ടീം ഇന്ത്യ മടങ്ങി. സൂപ്പർ 12ലെ അവസാന മത്സരത്തില്‍ നമീബിയയെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ടൂർണമെന്റിലെ എല്ലാ മത്സരവും പൂർത്തിയാക്കിയത്.
ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ നമീബിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റൺസ് നേടിയിരുന്നു. 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. തകർപ്പൻ അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ രോഹിത് ശർമയും കെഎല്‍ രാഹുലുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.
ഓപ്പണർമാരുടെ കളി
37 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറുകളുമായി 56 റൺസ് നേടിയ രോഹിത് ശർമ പുറത്തായെങ്കിലും 36 പന്തില്‍ രണ്ട് സിക്സും നാല് ഫോറും അടക്കം 56 റൺസുമായി കെഎല്‍ രാഹുലും 19 പന്തില്‍ നാല് ഫോർ അടക്കം 25 റൺസുമായി സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു.
ടൂർണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ഇന്ത്യ മുൻ നിര താരങ്ങൾക്കൊന്നും വിശ്രമം നല്‍കാതെയാണ് ദുർബലരായ നമീബിയയ്ക്ക് എതിരെ ഇറങ്ങിയത്. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരം രാഹുല്‍ ചഹാർ വന്നത് മാത്രമാണ് ഇന്ത്യൻ ടീമിലെ മാറ്റം.