പെർത്ത്: 'ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ക്ഷണപ്രകാരം ഇന്ത്യൻ ഡ്രസിങ് റൂം സന്ദർശിക്കുക, സാക്ഷാൽ ഹിറ്റ്മാനെതിരെ നെറ്റ്സിൽ പന്തെറിയുക.' ധ്രുഷിൽ ചൗഹാൻ എന്ന 11കാരൻ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന സുവർണ നിമിഷമായിരിക്കും ഇത്. ലോകകപ്പിന് മുൻപുള്ള പരിശീലന മത്സരങ്ങൾക്കായി ഇന്ത്യൻ ടീം വെസ്റ്റ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയപ്പോഴാണ് ധ്രുഷിലിന്‍റെ അസാമാന്യ ബോളിങ് രോഹിത്തിന്‍റെ കണ്ണിലുടക്കിയത്.
മൈതാനത്ത് പരിശീലനം നടത്തുന്ന നൂറ് കണക്കിന് കുട്ടികൾക്കിടയിൽ പന്തെറിയുന്ന ധ്രുഷിലിനെ രോഹിത് തന്നെയാണ് ആദ്യം ശ്രദ്ധിച്ചത്. ഇന്ത്യൻ ഡ്രസിംങ് റൂമിൽ ഉണ്ടായിരുന്ന ഓരോരുത്തരും ധ്രുഷിലിന്‍റെ തകർപ്പൻ ബോളിങ് ആകാഷയോടെ നോക്കി നിന്നു. പിന്നാലെ രോഹിത് നേരിട്ടെത്തി കുഞ്ഞു താരത്തിനോട് കുറച്ച് പന്തുകൾ കൂടി എറിയാൻ ആവശ്യപ്പെട്ടു. ശേഷം നെറ്റിൽ പന്തെറിയാൻ ധ്രുഷിലിനെ ക്ഷണിക്കുകയായിരുന്നു.
ബിസിസിഐ തന്നെയാണ് രോഹിതും കുട്ടി താരവും തമ്മിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് ഇന്ത്യയുടെ സപ്പോർട്ടിങ് സ്റ്റാഫ് അംഗമായ ഹരിമോഹൻ പ്രസാദ് പറയുന്നതിങ്ങനെ; ഞങ്ങൾ ഡബ്ല്യുഎസിഎയിൽ ഉച്ചയ്ക്ക് പരിശീലനം നടത്താനായി എത്തിയതായിരുന്നു. അവിടെ ധാരാളം കുട്ടികൾ പരിശീലനം നടത്തുന്നുണ്ടായിരുന്നു.
ഡ്രസിങ് റൂമിൽ നിന്ന് 100-ഓളം കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു. ഇതിൽ ഒരാൾ ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവന്‍റെ സ്‌മൂത്ത് റൺ-അപ്പ്, സ്വാഭാവിക കഴിവ് എന്നിവ എല്ലാവരേയും അത്ഭുതപ്പെടുത്തി. നെറ്റ്സിൽ കുറച്ച് പന്തുകൾ എറിയാൻ അവനോട് ആവശ്യപ്പെടാൻ രോഹിത് പുറത്തേക്ക് പോയി. അതൊരു അത്ഭുതകരമായ കാഴ്‌ചയായിരുന്നു. ഹരിമോഹൻ പ്രസാദ് പറഞ്ഞു.