ഹൈദരാബാദ്: ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ (യുഎൻഎസ്‌സി) ഒരു യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഐക്യരാഷ്ട്രസഭയിലെ മുൻ ഇന്ത്യൻ പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു.75 വർഷങ്ങൾക്കിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎൻഎസ്‌സിയുടെ ഒരു പരിപാടിയിൽ അധ്യക്ഷത വഹിക്കുന്നത് ഇതാദ്യമായാണെന്നും മുന്നിൽ നിന്ന് നയിക്കാൻ നേതൃത്വം ആഗ്രഹിക്കുന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് വിദേശനയങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മീറ്റിങ് വെർച്വൽ രീതിയിലാണെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന സംഭവം ആദ്യമായതിനാൽ ഇതിന് ചരിത്രപരമായി പ്രാധാന്യമുണ്ടെന്നും ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവസാനമായി ഈ ശ്രമത്തിന് മുതിർന്നത് 1992ൽ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു യുഎൻഎസ്‌സി യോഗത്തിൽ പങ്കെടുക്കെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.