വഡോദര (ഗുജറാത്ത്):വഡോദര മുനിസിപ്പൽ കോർപറേഷനിലെ സ്വീപ്പർക്ക് പഞ്ചാബ് നാഷണൽ ബാങ്ക് അയച്ചത് 16.5 കോടിയുടെ ജപ്‌തി നോട്ടിസ്. മുനിസിപ്പൽ കോർപറേഷനിലെ 12-ാം വാർഡിൽ സ്വീപ്പറായി ജോലി ചെയ്യുന്ന ശാന്തിലാൽ സോളങ്കിക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് ജപ്‌തി നോട്ടിസ് അയച്ചത്. ശാന്തിലാലിന് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് പോലും ഇല്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ.
വഡോദര നഗരത്തിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള രാജ്യലക്ഷ്‌മി സൊസൈറ്റിയിലാണ് ശാന്തിലാൽ സോളങ്കിയും ഭാര്യ ജാഷിബെന്നും താമസിക്കുന്നത്. ശാന്തിലാലിന്‍റെ ജോലി മാത്രമാണ് ഈ കുടുംബത്തിന്‍റെ ഏക വരുമാന മാർഗം. ഇതിനിടെ മാർച്ച് നാലാം തിയതിയാണ് പഞ്ചാബ് നാഷണൽ ബാങ്ക് കുടിശികയായ 16.50 കോടി രൂപ തിരിച്ച് അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ശാന്തിലാലിന് നോട്ടിസ് ലഭിച്ചത്.
മേയ് നാലിനകം മുഴുവൻ തുകയും തിരിച്ചടയ്‌ക്കണമെന്നും അല്ലാത്ത പക്ഷം വീടും, സ്ഥലവും ജപ്‌തി ചെയ്യുമെന്നുമായിരുന്നു നോട്ടിസില്‍ വ്യക്‌തമാക്കിയിരുന്നത്. സീൽ ചെയ്‌ത സ്വത്ത് ഉത്തർപ്രദേശിലെ ആഗ്രയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ബ്രാഞ്ചിന് കൈമാറുമെന്നും വ്യക്‌തമാക്കിയിട്ടുണ്ടായിരുന്നു. വഡോദര ഈസ്റ്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ ഓഫിസിൽ നിന്നായിരുന്നു നോട്ടിസ് അയച്ചിരുന്നത്.
അതേസമയം 10 ലക്ഷം മാത്രം വില വരുന്ന വീട്ടിലാണ് താൻ കഴിയുന്നതെന്നും എടുക്കാത്ത വായ്‌പ തിരിച്ചടയ്‌ക്കാൻ നോട്ടിസ് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് ശാന്തിലാൽ പറയുന്നത്. 'നഗരത്തിലെ കോർപറേഷൻ ബ്രാഞ്ചിൽ വാർഡ് നമ്പർ 12ൽ സ്വീപ്പറായി ജോലി ചെയ്യുകയാണ് ഞാൻ. എനിക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഇല്ല'.
വായ്‌പ എടുത്തിട്ടില്ലെങ്കിലും 16.50 കോടി രൂപയുടെ ജപ്‌തി നോട്ടിസ് ലഭിച്ചു. മെയ് നാലിനകം തുക തിരികെ നൽകണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടിസിൽ പറഞ്ഞിട്ടുണ്ട്. 'എന്‍റെ ബാങ്ക് അക്കൗണ്ട് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. എനിക്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് ഇല്ല. ഇത്രയും വലിയ തുകയുടെ നോട്ടിസ് ലഭിച്ചതോടെ കുടുംബാംഗങ്ങളും ആശങ്കയിലാണ്'. - ശാന്തിലാൽ പറഞ്ഞു.
നോട്ടിസ് ലഭിച്ചതിനെത്തുടർന്ന് ശാന്തിലാൽ ബാങ്കുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ബാങ്കിൽ നിന്ന് തൃപ്‌തികരമായ മറുപടിയായിരുന്നില്ല ഇയാൾക്ക് ലഭിച്ചത്. തുടർന്ന് കുടുംബം ഗരത്തിലെ ഒരു പ്രമുഖ അഭിഭാഷകനായ നീരജ് ജെയിനിന്‍റെ സഹായം തേടി. ശാന്തിലാലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റിന് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്ന് നീരജ് ജെയിൻ വ്യക്‌തമാക്കി.
അഞ്ച് മുതൽ 10 ലക്ഷം രൂപവരെ മാത്രമാണ് ശാന്തിലാലിന്‍റെ വസ്‌തുവിന്‍റെ വില. ഈ സാഹചര്യത്തിൽ എങ്ങനെ ശാന്തിലാലിന് കോടികളുടെ ജപ്‌തി നോട്ടിസ് ലഭിച്ചു എന്നത് ഗൗരവകരമായ കാര്യമാണ്. നോട്ടിസിലെ തുകകണ്ട് മാനസിക പിരിമുറുക്കത്തെത്തുടർന്ന് ആരോഗ്യനില വഷളായ ശാന്തിലാലിന്‍റെ ഭാര്യയേയും മരുമകളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് വ്യാജമായ നോട്ടിസാണെന്നും ഇക്കാര്യത്തിൽ കലക്‌ടർക്കും കത്തെഴുതിയിട്ടുണ്ടെന്നും നീരജ് ജെയിൻ പറഞ്ഞു.