ബെംഗളൂരു:മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ കണ്ണൂര്‍ സ്വദേശിയായ വിജേഷ് പിള്ള തനിക്ക് 30 കോടി രൂപ വാഗ്‌ദാനം നല്‍കിയെന്ന പരാതിയില്‍ കർണാടക പൊലീസ് നടപടികൾ ആരംഭിച്ചതായി ഫേസ്ബുക്കില്‍ സ്വപ്‌ന സുരേഷ്. എന്നാല്‍ സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നാണ് കൃഷ്ണരാജപുര പൊലീസ് പറയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരം അറിയാനായി സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന കൃഷ്ണപരാജപുര പൊലീസുമായി ഇടിവി ഭാരത് പ്രതിനിധി ബന്ധപ്പെട്ടപ്പോഴാണ് പ്രതികരണം.
കർണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ കുറ്റം രജിസ്റ്റർ ചെയ്തുവെന്നും തന്‍റെ മൊഴി രേഖപ്പെടുത്തിയെന്നുമാണ് സ്വപ്ന ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിട്ടില്ലെന്നും നേരത്തെ ഇഡി പരിശോധനയുമായി ബന്ധപ്പെട്ട കേസ് മാത്രമേ അറിയികയുള്ളുവെന്നുമാണ് കൃഷ്ണരാജപുര പൊലീസ് പറയുന്നത്.
പരാതിയിലേക്കെത്തുന്നത് ഇങ്ങനെ:അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവിലെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ബെംഗ്ലൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
സ്വപ്‌നയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് മൂന്നു ദിവസം മുമ്പ് വിജയന്‍പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ചാനല്‍ അഭിമുഖത്തിനെന്ന പേരില്‍ തന്നെ വിളിച്ചുവെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് താന്‍ എത്തിയതെന്ന് ഇയാള്‍ അറിയിച്ചതായും സ്വപ്‌ന ലൈവിലൂടെ പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ നേരിട്ടും ഡിജിറ്റലായുമുള്ള എല്ലാ തെളിവുകളും അദ്ദേഹത്തെ ഏല്‍പ്പിച്ച് ബാംഗ്ലൂര്‍ വിടണമെന്നാണ് അയാളുടെ നിര്‍ദേശമെന്നും സ്വപ്‌ന ആരോപിച്ചു. എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തു കൊണ്ടുവരും വരെ പോരാടുമെന്നും സ്വപ്‌ന പറഞ്ഞു.
'പുതിയ സ്വപ്‌ന'യാകാന്‍ ആവശ്യപ്പെട്ടു: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള തെളിവുകള്‍ തിരികെ നല്‍കിയാല്‍ ജയ്‌പൂരിലോ ഹരിയാനയിലോ പോയി സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യവും മുഖ്യമന്ത്രി നല്‍കുമെന്നും അല്ലെങ്കില്‍ തന്നെ കൊല്ലുമെന്നുമാണ് വിജയന്‍ പിള്ള എന്നയാള്‍ അറിയിച്ചത്. ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നെന്ന് പറഞ്ഞ് ബാംഗ്ലൂര്‍ വിടുക, ശേഷം മലേഷ്യയിലേക്ക് മാറി പുതിയ ഒരു സ്വപ്‌നയായി ജീവിക്കുക ഇതായിരുന്നു അവര്‍ മുന്നോട്ടുവച്ച നിര്‍ദേശമെന്നും ഇതിനായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നും സ്വപ്‌ന വ്യക്തമാക്കി. ജീവിതം തുടങ്ങാനുള്ള എല്ലാ സഹായവും മുഖ്യമന്ത്രി നല്‍കുമെന്ന് എം.വി ഗോവിന്ദന്‍ അറിയിച്ചതായും ദൂതന്‍ പറഞ്ഞുവെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തിരുന്നു.
ഒത്തുതീര്‍പ്പിനില്ല: എന്നാല്‍ ഇത്തരത്തില്‍ ഭീഷണിയുള്ള കാര്യം താന്‍ തന്‍റെ അഭിഭാഷകനായ കൃഷ്‌ണരാജുമായി സംസാരിച്ചു. അദ്ദേഹം ഇത് ചൂണ്ടിക്കാണിച്ച് കര്‍ണാടക സര്‍ക്കാരിനും കര്‍ണാടക ആഭ്യന്തര സെക്രട്ടറിക്കും കര്‍ണാടക ഡിജിപിക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും ഇ മെയിലിലൂടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ജീവന് ഭീഷണിയുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളെ വിറ്റ് മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പിണറായി വിജയന്‍ നടത്തുന്ന മുഴുവന്‍ ഇടപാടുകളുടെയും വിശദാംശങ്ങള്‍ പുറത്തു കൊണ്ടുവരുന്നതുവരെ ഒരു ഒത്തു തീര്‍പ്പിനും തയ്യാറല്ലെന്നും സ്വപ്‌ന ഫേസ്‌ബുക്ക് ലൈവിലൂടെ അറിയിച്ചു.