കൊൽക്കത്ത: കാന്തി മുനിസിപ്പാലിറ്റി ഓഫിസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ സുവേന്ദു അധികാരി തിങ്കളാഴ്ച കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജൂൺ 22ന് ഹൈക്കോടതി ഇക്കാര്യം പരിഗണിക്കും.
കാന്തി മുനിസിപ്പാലിറ്റി ഓഫിസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപിച്ച് ജൂൺ 5നാണ് സുവേന്ദു അധികാരി, സഹോദരൻ സൗമേന്ദു അധികാരി എന്നിവർക്കെതിരെ മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്.
Also Read: സംസ്ഥാനത്ത് മഴ കനക്കും; ചൊവ്വയും ബുധനും 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മെയ് 29 ഉച്ചയ്ക്ക് 12: 30ന് സുവേന്ദു അധികാരി, സഹോദരനും കാന്തി മുനിസിപ്പാലിറ്റിയിലെ മുൻ മുനിസിപ്പൽ ചീഫുമായ സൗമേന്ദു അധികാരി എന്നിവർ ചേർന്ന് ബലപ്രയോഗത്തിലൂടെ മുനിസിപ്പാലിറ്റി ഓഫിസ് ഗോഡൗണിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കള്‍ കവര്‍ന്നെന്നാണ് പരാതി. കൂടാതെ മോഷണത്തിനായി ബിജെപി നേതാക്കൾ കേന്ദ്രസേനാംഗങ്ങളെ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കും സഹോദരനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതത് മുഖ്യമന്ത്രി മമത ബാനർജിയുടെ പഴയ പരിശീലനത്തിന്‍റെ ഭാഗമാണെന്ന് സുവേന്ദു ആരോപിച്ചു.