കൊൽക്കത്ത:പാര്‍ലമെന്‍റ് ഉദ്‌ഘാടന ചടങ്ങിനെതിരായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഫോട്ടോ വിമര്‍ശനത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. 'വ്യക്തമായ കാഴ്‌ചയില്ലാത്ത' മമതയുടെ പ്രതികരണത്തില്‍ എനിക്ക് അദ്‌ഭുതമില്ല. സനാതന പാരമ്പര്യങ്ങളോടുള്ള വെറുപ്പ് തെളിയിച്ചതിലൂടെ പ്രശസ്‌തയാണ് മമത. പുരോഹിതന്മാരെ പരിഹസിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും സുവേന്ദു അധികാരി ട്വീറ്റിലൂടെ വിമര്‍ശിച്ചു.
പാര്‍ലമെന്‍റ് ഉദ്‌ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറാന്‍ എത്തിയ സന്യാസിമാരും മോദിയും നില്‍ക്കുന്ന ചിത്രം. പുറമെ, ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലാഭായി പട്ടേല്‍, അംബേദ്‌കര്‍ എന്നിവര്‍ പാര്‍ലമെന്‍റില്‍ ഒന്നിച്ചിരുന്ന് എടുത്ത ഫോട്ടോ. ഇവ രണ്ടും ചേര്‍ത്തുവച്ച് മമത ചെയ്‌ത ട്വീറ്റിനെതിരെയാണ് വിമര്‍ശനം. തമിഴ്‌നാട്ടില്‍ നിന്നുള്ള 21 മഠാധിപതിമാരാണ് ചടങ്ങിൽ പങ്കെടുത്തത്.
'ഹൗസ് ഓഫ് ദി പീപ്പിൾ', ആ കാരണം കൊണ്ട്:' ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോല്‍ കൈമാറാനെത്തിയ മഠാധിപന്മാര്‍ തമിഴ് കീർത്തനങ്ങള്‍ പാടുകയുണ്ടായി. 1947ലും ഒരു അധീനം പ്രധാനമന്ത്രി നെഹ്‌റുവിന് ചെങ്കോല്‍ കൈമാറി. ഇന്നലെ തമിഴ്‌നാട്ടിലെ 21 അധീനങ്ങളിൽ നിന്നുള്ള മഠാധിപതിമാരാണ് സുപ്രധാനമായ ചടങ്ങിൽ പങ്കെടുത്തത്.'
'ലോക്‌സഭയിൽ പ്രാതിനിധ്യമുള്ളവരില്‍ പരമാധികാരം നിലനിൽക്കുന്നുവെന്ന് ഉറപ്പിച്ചുകൊണ്ട്, പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ലോക്‌സഭ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപമാണ് ചെങ്കോല്‍ വച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയാണ് ചെങ്കോല്‍ സ്ഥാപിച്ചത്. ഇക്കാരണംകൊണ്ടാണ് ഇതിനെ ഹൗസ് ഓഫ് ദി പീപ്പിൾ എന്ന് വിളിക്കുന്നത്.' - സുവേന്ദു അധികാരി ട്വീറ്റില്‍ കുറിച്ചു.