ചണ്ഡിഗഡ് :നുഹില്‍ വീണ്ടും ശോഭായാത്ര നടത്താന്‍ സാര്‍വ ദേശീയ ഹിന്ദു മഹാപഞ്ചായത്ത് ആഹ്വാനം ചെയ്‌തതിന് പിന്നാലെ നിരോധനാജ്ഞ (Section 144 in Nuh) ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. നുഹില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ രണ്ടുദിവസത്തേക്ക് റദ്ദ് ചെയ്‌തിട്ടുമുണ്ട്. (Suspension Of Mobile Internet In Nuh). ഇന്നലെ (ഓഗസ്റ്റ് 26) ഇറക്കിയ ഉത്തരവ് ഓഗസ്റ്റ് 28 വരെ നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്‌ച നടത്താനിരിക്കുന്ന റാലി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന ചര്‍ച്ച കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. നേരത്തെ നുഹില്‍ സംഘടിപ്പിച്ച മതപരമായ ഘോഷയാത്രയ്‌ക്കിടെ സംഘര്‍ഷം ഉണ്ടാവുകയും ഇത് തടസപ്പെടുകയും ചെയ്‌തിരുന്നു (Communal violence in Nuh). പിന്നാലെ ഓഗസ്റ്റ് 28ന് ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചെങ്കിലും അധികൃതര്‍ അനുമതി നല്‍കിയില്ല.
ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലോ അതില്‍ അധികമോ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. ഈ കാലയളവില്‍ ലൈസന്‍സ് ഉള്ളതോ ഇല്ലാത്തതോ ആയ തോക്കുകള്‍, മഴു തുടങ്ങിയ ആയുധങ്ങള്‍ കൈവശം വയ്‌ക്കാനും അനുവദിക്കില്ല. വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നുഹില്‍ നേരത്തെയും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.
ജൂലൈ 31ന് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്‌ക്കുനേരെ ആക്രമണമുണ്ടായിരുന്നു. പിന്നാലെ നുഹില്‍ വര്‍ഗീയ സംഘര്‍ഷം ആരംഭിച്ചു. രണ്ട് ഹോം ഗാര്‍ഡുകളും ഒരു പുരോഹിതനും അടക്കം ആറ് പേരാണ് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ജൂലൈ 31ന് മുടങ്ങിയ ഘോഷയാത്ര ഓഗസ്റ്റ് 28ന് വീണ്ടും നടത്താന്‍ സാര്‍വ ദേശീയ ഹിന്ദു മഹാപഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
നുഹില്‍ സാര്‍വ ദേശീയ ഹിന്ദു മഹാപഞ്ചായത്ത് ബ്രിജ് മണ്ഡല്‍ ശോഭായാത്രയ്ക്ക് ആഹ്വാനം ചെയ്‌തതായി കാണിച്ച് ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ ധീരേന്ദ്ര ഖഡ്‌ഗത അഡിഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ടിവിഎസ്എന്‍ പ്രസാദിന് കത്തയച്ചിരുന്നു. അതേസമയം സാമൂഹിക വിരുദ്ധര്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പദ്ധതിയിടുന്നതായും കത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ ജില്ലയിലെ ഇന്‍റര്‍നെറ്റ്, എസ്‌എംഎസ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തലാക്കണമെന്നും കമ്മിഷണര്‍ ആവശ്യപ്പെട്ടു. പിന്നാലെ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ (2G, 3G, 4G, 5G, CDMA, GPRS), ബള്‍ക്ക് എസ്‌എംഎസ് (ബാങ്കിങ്, മൊബൈല്‍ റീചാര്‍ജ് എന്നിവ ഒഴികെ) തുടങ്ങി വോയ്‌സ് കോളുകള്‍ ഒഴികെ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും താത്‌കാലികമായി റദ്ദുചെയ്‌ത് പ്രസാദ് ഉത്തരവിറക്കി.
Also Read :Nuh Violence| 'ഭിന്നിപ്പ് എളുപ്പമാണ്, സാഹോദര്യം സ്ഥാപിക്കാനാണ് ബുദ്ധിമുട്ട്'; നൂഹിലെ വര്‍ഗീയ കലാപത്തെ വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നുഹില്‍ ഘോഷയാത്രയ്ക്കിടെ അക്രമം നടന്നെന്ന വാര്‍ത്ത പരന്നതോടെ തൊട്ടടുത്തുള്ള ഗുരുഗ്രാമില്‍ നിന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുകയായിരുന്നു. പിന്നാലെ ഇവര്‍ നാല് വാഹനങ്ങളും ഒരു കടയും കത്തിച്ചു (Communal Violence Haryana). മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് സംഘര്‍ഷം ഗുരുഗ്രാമിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ നിരവധി പേര്‍ രോഷം രേഖപ്പെടുത്തി രംഗത്തുവന്നു. ഭിന്നിപ്പ് ഉണ്ടാക്കാന്‍ എളുപ്പമാണെന്നും സാഹോദര്യം നിലനിര്‍ത്താനാണ് ബുദ്ധിമുട്ടെന്നുമായിരുന്നു ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പ്രതികരണം.