ന്യൂഡൽഹി :പാര്‍ലമെന്‍റ് സുരക്ഷാവീഴ്‌ചയെ തുടർന്ന് നടന്ന ബഹളത്തിന്‍റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാര്‍ക്ക് ചേംബര്‍, ലോബി,ഗ്യാലറി എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് സർക്കുലർ (MPs barred from Parliament chamber, lobby and gallery). ലോക്‌സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും ഇതുവരെ 141 എംപിമാരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിൽ നിന്ന് 95ഉം രാജ്യസഭയിൽ നിന്ന് 46ഉം എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഇവർക്ക് ചേംബറുകളിലും ലോബികളിലും ഗ്യാലറികളിലും പ്രവേശിക്കാൻ കഴിയില്ലെന്നും ഇവർ അംഗങ്ങളായിരിക്കുന്ന പാർലമെന്‍ററി കമ്മിറ്റികളുമായി ബന്ധപ്പെട്ടും സസ്‌പെന്‍ഷന്‍ ബാധകമാണെന്നും സർക്കുലർ വ്യക്തമാക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ പേരിൽ ഒരു ഇനവും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ലോക്‌സഭ സർക്കുലറിൽ പറയുന്നു (LS Secretariat issues circular).
സസ്‌പെൻഷൻ കാലയളവിൽ എംപിമാർ സമർപ്പിക്കുന്ന ഒരു അറിയിപ്പും സ്വീകാര്യമല്ല. സസ്‌പെൻഷൻ കാലയളവിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അവർക്ക് വോട്ടുചെയ്യാൻ കഴിയില്ല. സെക്ഷൻ 2(ഡി) പ്രകാരം സസ്‌പെൻഷൻ കാലയളവിലെ പ്രതിദിന അലവൻസിനോ ശമ്പളത്തിനോ അവർക്ക് അർഹതയുണ്ടാകില്ല. 1954ലെ പാർലമെന്‍റ് അംഗങ്ങളുടെ അലവൻസുകളും പെൻഷനുകളും സംബന്ധിച്ച നിയമം കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുന്നതാണെന്നും സർക്കുലർ വ്യക്തമാക്കുന്നു.
പാർലമെന്‍റ് സുരക്ഷാവീഴ്‌ചയിൽ കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇരുസഭകളിലും പ്രതിപക്ഷ ബഹളം. 141 എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ ഡിസംബർ 22 ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.