ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണ രേഖ കടന്നെത്തിയ, പാക് അധീന കശ്മീരിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരിയെന്ന് കരുതുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ചുകൊന്നു. തിങ്കളാഴ്ചയാണ് സംഭവം. കമൽകോട്ട് മേഖലയിൽ നിയന്ത്രണരേഖ കടന്ന് അതിർത്തി വേലിക്ക് സമീപത്തേക്ക് വരികയായിരുന്നു യുവതി. തുടർന്ന് സൈന്യം യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി : കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഏപ്രിൽ 9ന് പുലർച്ചെ 2.15ഓടെയാണ് പൂഞ്ചിലെ ഷാപൂർ സെക്ടറിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു, മറ്റ് രണ്ട് പെരെയും സൈന്യം പിടികൂടുകയും ചെയ്തു. ഇവരിൽ നിന്ന് 14 പാക്കറ്റുകളിലായി സൂക്ഷിച്ച ലഹരി മരുന്നും പാകിസ്ഥാനി കറൻസിയും ചില രേഖകളും ഭക്ഷണ പദാർഥങ്ങളും സൈന്യം കണ്ടെത്തിയിരുന്നു.
കമൽകോട്ടിൽ ഇതിന് മുൻപും നുഴഞ്ഞുകയറ്റം : ഉറിയിലെ കമല്കോട്ടില് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ സൈന്യം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വധിച്ചിരുന്നു. കമൽകോട്ട് സെക്ടറിലെ മഡിയൻ നാനാക് പോസ്റ്റിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് നുഴഞ്ഞുകയറുകയായിരുന്ന മൂന്ന് പേരെയും സൈന്യവും ബാരാമുള്ള പൊലീസും ചേര്‍ന്ന് വധിക്കുകയായിരുന്നുവെന്ന് കശ്മീര്‍ സോണ്‍ പൊലീസ് വ്യക്തമാക്കി.
ഇവരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ജമ്മുവിലെ രജൗരി മേഖലയിലും സമാനമായ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. രാജ്യത്തെ സമാധാനം തകർക്കാൻ പടിഞ്ഞാറൻ അതിർത്തികളിലൂടെ ശത്രുക്കള്‍ നേരിട്ട് ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് വിഷയത്തിൽ സൈന്യം പ്രതികരിച്ചത്.
Also read :ഉറിയില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് സൈന്യം