ന്യൂഡല്‍ഹി: മഹാരാഷ്‌ട്രയിലെ സാംഗ്‌ലിയില്‍ കഴിഞ്ഞ ദിവസമാണ് ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മണിക് യല്ലപ്പ വനമോര്‍, സഹോദരൻ പോപ്പട്ട് യല്ലപ്പ വനമോര്‍, ഇവരുടെ അമ്മ, ഇരുവരുടെയും ഭാര്യമാർ, മക്കള്‍ എന്നിവരാണ് മരിച്ചത്.
സഹോദരങ്ങള്‍ പലയിടത്ത് നിന്നായി വന്‍ തുക കടം വാങ്ങിയിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരെയുള്ള മഹേസാല്‍ ഗ്രാമത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലുള്ള രണ്ട് വീടുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുരൂഹതകള്‍ നിറഞ്ഞ ഡല്‍ഹിയിലെ ബുറാരി കൂട്ട ആത്മഹത്യയെ ഓര്‍മപ്പെടുത്തുന്നതാണ് സാംഗ്‌ലിയിലെ സംഭവം.
ഡല്‍ഹിയെ നടുക്കിയ ബുറാരി കൂട്ട ആത്മഹത്യ: 2018 ജൂലൈ 1ന്, വടക്കന്‍ ഡല്‍ഹിയിലെ ബുറാരിയില്‍ ഒരു വീടിനുള്ളിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. 77കാരിയായ നാരായൺ ദേവി, മക്കളായ ഭവ്‌നേഷ് ഭാട്ടിയ (50), ഭവ്‌നേഷിന്‍റെ ഭാര്യ സവിത (48), ലളിത് ഭാട്ടിയ (45), ലളിതിന്‍റെ ഭാര്യ ടീന (42), നാരായൺ ദേവിയുടെ മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നീതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുത്ത തുണി കഷണങ്ങള്‍ കൊണ്ട് കണ്ണുകളും വായയും മൂടിക്കെട്ടി, കൈകളും കാലുകളും ബന്ധിച്ച നിലയിൽ വീട്ടിലെ ഗ്രില്ലില്‍ തൂങ്ങിയ നിലയിലായിരുന്നു പത്ത് കുടുംബാംഗങ്ങളുടേയും മൃതദേഹങ്ങള്‍.
മുതിര്‍ന്ന കുടുംബാംഗമായ നാരായൺ ദേവിയെ മറ്റൊരു മുറിയിൽ കഴുത്തില്‍ കുരുക്കിട്ട അടയാളങ്ങളോടെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള പലചരക്ക കട ഏറെ വൈകിയും തുറക്കാതായതോടെ നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. നാരായണ്‍ ദേവിയുടെ ചെറുമകള്‍ പ്രിയങ്കയുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ സംഭവം.
മൃതദേഹങ്ങൾ കണ്ടതിന് ശേഷം താൻ ആദ്യം പരിഭ്രാന്തനായിരുന്നുവെന്നാണ് മൃതദേഹങ്ങള്‍ പരിശോധിച്ച ഡല്‍ഹി രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫോറൻസിക് വിദഗ്‌ദന്‍ പറയുന്നത്. നാല് മൃതദേഹങ്ങള്‍ തലകീഴായി വായ മൂടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹങ്ങൾ വളരെ അടുത്തടുത്തായി തൂങ്ങിക്കിടന്നിരുന്നതിനാല്‍ ഫോട്ടോഗ്രാഫുകളും വീഡിയോകളും എടുക്കാൻ പ്രയാസമായിരുന്നു.