ഗുവാഹത്തി:അസമിലെ ദിസ്‌പൂരിലുളളഎംഎൽഎ ഹോസ്റ്റലിന്‍റെ ഗ്ലാസ് ജാലകത്തിൽ ബുള്ളറ്റ് ദ്വാരം കണ്ടെത്തി. ദീപാവലി ദിവസം രാത്രിയാണ് എംഎല്‍എ ഹോസ്റ്റലിന്‍റെ ജനാലയില്‍ വെടിയുണ്ട തുളച്ചുകയറിയ പാട് കണ്ടെത്തിയത്. അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ ഉൾപ്പെടെ ആറിലധികം നിയമസഭാംഗങ്ങള്‍ തങ്ങുന്ന ഹോസ്റ്റലിന് നേരെയാണ് ആക്രമണം നടന്നത്. ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ ബാൽക്കണിയിലാണ് കഴിഞ്ഞ രാത്രി സംശയാസ്‌പദമായ ദ്വാരം കണ്ടെത്തിയത്.
വെടിയുണ്ടയെന്ന് പ്രതിപക്ഷം, അല്ലെന്ന് പൊലീസ് :പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകള്‍ തുടങ്ങി. വെടിയുണ്ടയുടെ പാടാണോ എന്ന് സ്ഥിരീകരണം ലഭിക്കണമെങ്കില്‍ ഫോറന്‍സിക്ക് പരിശോധന അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു. ജനാലയിലെ തുള, മൂര്‍ച്ചയുള്ള എന്തോ വസ്‌തു തട്ടിയത് മൂലമായിരിക്കാമെന്ന് ഗുവാഹത്തി സിറ്റി പൊലീസ് കമ്മിഷണര്‍ ദിഗന്ത ബരാഹ് പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ നിന്ന് ജനലയില്‍ ഭാരമുള്ള വസ്‌തു പതിച്ചതുമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം സംഭവം നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ മാത്രമാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിപക്ഷ നേതാവില്‍ നിന്ന് അന്വേഷണ സംഘം വിശദമായ മൊഴിയെടുത്തു.