മുംബൈ:തന്‍റെ ആക്ഷൻ ത്രില്ലർ വെബ് സീരീസ് 'ആര്യ 3' യുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു ബോളിവുഡ് താരം സുസ്‌മിത സെൻ. ഇപ്പോഴിതാ 'ആര്യ 3'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി. ഇക്കാര്യം സുസ്‌മിത സെന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ഒരു വീഡിയോക്കൊപ്പമായിരുന്നു സുസ്‌മിതയുടെ പോസ്‌റ്റ്. 'ആര്യ 3 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഏറ്റവും മികച്ച അഭിനേതാക്കളും ടീമും!!! നന്ദി. സിക്കന്ദര്‍ ഖേറിന് എക്കാലത്തെയും ഊഷ്‌മളമായ ആലിംഗനം' - സുസ്‌മിത സെന്‍ കുറിച്ചു. സംവിധായകന്‍ റാം മധ്വാനി, സഹ നിര്‍മാതാവ് അമിതാ മധ്വാനി, കപില്‍ ശര്‍മ, ശ്രദ്ധ, ആര്യ കുടുംബം എന്നി ഹാഷ്‌ടാഗുകള്‍ക്കൊപ്പം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിനെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു സുസ്‌മിതയുടെ പോസ്‌റ്റ്.
സംവിധായകൻ രാം മധ്വാനിക്കൊപ്പം നൃത്തച്ചുവടുകള്‍ വയ്‌ക്കുന്നതും, സഹ താരം സിക്കന്ദര്‍ ഖേറിനെ ഊഷ്‌മളമായി ആലിംഗനം ചെയ്യുകയും ചെയ്യുന്ന സുസ്‌മിതയെയാണ് വീഡിയോയില്‍ കാണാനാവുക. വീഡിയോ പങ്കുവച്ചതിന് പിന്നാലെ കമന്‍റുകളുമായി ആരാധകര്‍ ഒഴുകിയെത്തി. സഹതാരങ്ങളും സുസ്‌മിതയുടെ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്. 'അവർ പറയുന്നത് പോലെ .. എല്ലാവര്‍ക്കും ആശംസകള്‍!' -സിക്കന്ദര്‍ ഖേര്‍ കുറിച്ചു. 'സീസൺ 3യ്‌ക്കായി ഇനിയും കാത്തിരിക്കാനാവില്ല' -ഒരു ആരാധകന്‍ കുറിച്ചു. 'ആകാംക്ഷയോടെ കാത്തിരിക്കുന്നു' -എന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്.
സുസ്‌മിത സെന്നിന്‍റെ ഓൺ-സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവും, ഡിജിറ്റൽ അരങ്ങേറ്റവുമാണ് 'ആര്യ'. 2020 ജൂണില്‍ 'ആര്യ'യിലൂടെയായിരുന്നു സുസ്‌മിതയുടെ ആവേശകരമായ തിരിച്ചുവരവ്. കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്നും തന്‍റെ കുടുംബത്തെ സംരക്ഷിക്കാൻ, അതിരുകൾക്കപ്പുറത്തേക്ക് പോകുന്ന ശക്‌തയായ ഒരു സ്ത്രീയെയാണ് സീരീസില്‍ താരം അവതരിപ്പിക്കുന്നത്. ഇന്‍റര്‍നാഷണൽ എമ്മി അവാർഡില്‍ മികച്ച ഡ്രാമ സീരീസ് ആയി ആദ്യ സീസണ്‍ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
റാം മധ്വാനി സംവിധാനം ചെയ്‌ത സീരീസില്‍ നമിത് ദാസ്, മനീഷ് ചൗധരി, സിക്കന്ദർ ഖേർ, വിനോദ് റാവത്ത് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തും. 2021 ഡിസംബറിലായിരുന്നു ആര്യ രണ്ടാം സീസൺ റിലീസായത്. അതേസമയം മൂന്നാം സീസണിന്‍റെ റിലീസ് തീയതി ഇനിയും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലാണ് സീരീസ് സ്‌ട്രീമിംഗ് നടത്തുക.