ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ മകൾ ബൻസുരി സ്വരാജ് സജീവ രാഷ്‌ട്രീയത്തിലേക്ക്. ഇതിന്‍റെ ഭാഗമായി ഡല്‍ഹി ബിജെപിയുടെ നിയമവിഭാഗം കോ കണ്‍വീനറായി ബന്‍സുരി സ്വരാജിനെ നിയമിച്ചു. മാത്രമല്ല ബിജെപിയുടെ ഡല്‍ഹി സംസ്ഥാന അധ്യക്ഷനായി വീരേന്ദ്ര സച്ച്‌ദേവ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നടത്തിയ ആദ്യ നിയമനമായിരുന്നു ബൻസുരി സ്വരാജിന്‍റേത്.
പാര്‍ട്ടിക്ക് താങ്കളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നിങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും സംഘടനയെ ശക്തിപ്പെടുത്തുമെന്നും തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ബന്‍സുരി സ്വരാജിന് അയച്ച കത്തില്‍ സച്ച്‌ദേവ അറിയിച്ചു. സുഷമ സ്വരാജിന്‍റെ ഏകമകളാണ് ബന്‍സുരി സ്വരാജ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ബന്‍സുരി, തന്‍റെ പിതാവിനെ പോലെ തന്നെ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്‌ടീസ് ചെയ്യുന്ന ക്രിമിനല്‍ അഭിഭാഷകയാണ്.
മുമ്പ് വിവാദങ്ങളിലും:എന്നാല്‍ രാജ്യംവിട്ട മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദിയെ 2014 ഓഗസ്‌റ്റ് 27 ന് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സഹായിച്ചുവെന്ന ആരോപണത്തില്‍ ബന്‍സുരി മുമ്പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാത്രമല്ല പാസ്‌പോര്‍ട്ടില്‍ ഇളവ് ലഭിച്ചതോടെ ലളിത് മോദി തന്‍റെ അഭിഭാഷക സംഘത്തെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. തന്‍റെ അഭിഭാഷക സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ ട്വീറ്റ് ചെയ്‌തായിരുന്നു ലളിത് മോദിയുടെ അഭിനന്ദനം. ഇതില്‍ ബന്‍സുരി ഉള്‍പ്പടെ എട്ട് അഭിഭാഷകരാണ് ഉണ്ടായിരുന്നത്. ഇത് ഏറെ രാഷ്‌ട്രീയ കോലാഹലങ്ങള്‍ സൃഷ്‌ടിച്ചപ്പോള്‍ സുഷമ സ്വരാജിന്‍റെ മകള്‍ക്ക് അവരുടെ പ്രൊഫഷനുണ്ടെന്നും ജോലി ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി ബന്‍സുരിക്ക് ബിജെപി പ്രതിരോധമൊരുക്കുകയും ചെയ്‌തിരുന്നു.
അമ്മയുടെ പ്രിയപുത്രി:2019ല്‍ തന്‍റെ 67 ആം വയസിലാണ് മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. അന്നുമുതല്‍ അമ്മയുടെ ജന്മവാര്‍ഷികവും ചരമവാര്‍ഷികവും വളരെ വ്യത്യസ്‌തമായ രീതിയിലായിരുന്നു ബന്‍സുരി ആചരിച്ചിരുന്നത്. ഏറ്റവുമൊടുവിലായുള്ള സുഷമ സ്വരാജിന്‍റെ ചരമവാര്‍ഷികത്തിലും ബന്‍സുരി ഒരു വൈകാരികമായ പോസ്‌റ്റ് പങ്കുവച്ചിരുന്നു. അമ്മ തന്‍റെ ഊര്‍ജമായി നിലകൊള്ളുന്നുവെന്നും സിരകളിലൂടെ ഒഴുകുന്നുവെന്നും ബന്‍സുരി പോസ്‌റ്റില്‍ കുറിച്ചിരുന്നു. അമ്മയുടെ മനഃസാക്ഷി തന്‍റെ തീരുമാനങ്ങളിലുണ്ടെന്നും ആ ആദര്‍ശമാണ് തന്‍റെ ജീവിത പാതയെ പ്രകാശിപ്പിക്കുന്നതെന്നും ബന്‍സുരി എഴുതിയിരുന്നു. അമ്മയെ മടക്കിയെടുത്ത നീ തന്നെ അവളെ കാത്തുരക്ഷിക്കണമെന്നും ഭഗവാന്‍ കൃഷ്‌ണനോട് ബന്‍സുരി പ്രാര്‍ഥിക്കുകയും ചെയ്‌തിരുന്നു.
ഓര്‍മകളില്‍ ജ്വലിക്കുന്ന സുഷമ:അതേസമയം ഇക്കഴിഞ്ഞ വനിതാദിനത്തില്‍ തന്നെ സ്വാധീനിച്ച വനിതയായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍ ഓര്‍ത്തെടുത്തത് സുഷമ സ്വരാജിനെയായിരുന്നു. അവരുടെ ദീർഘവീക്ഷണത്തെയും, ജീവനക്കാരോടുള്ള സമീപനത്തെയും, വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിലെ അർപ്പണബോധത്തെയും അഭിനന്ദിച്ചായിരുന്നു എസ്.ജയ്‌ശങ്കര്‍ സുഷമയെ ഓര്‍ത്തത്. വിദേശത്തുള്ള ഇന്ത്യക്കാരുമായി തങ്ങളുടെ ബന്ധം ശക്തമാകുന്നത് അവര്‍ കാരണമാണെന്നും വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയുമാണ് അവര്‍ താഴെ തട്ടിലുള്ള ജീവനക്കാരോട് പെരുമാറിയിരുന്നതെന്നും ജയ്‌ശങ്കര്‍ വ്യക്തമാക്കിയിരുന്നു. പലവിധ പ്രശ്‌നങ്ങളുമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് സഹായമായ അവരുടെ ദീർഘവീക്ഷണം തനിക്കിഷ്‌ടമാണെന്നും എസ്.ജയ്‌ശങ്കര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.