ന്യൂഡൽഹി: രാജ്യത്തിന്‍റെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു. വിരമിച്ച സുനിൽ അറോറയ്ക്ക് പകരക്കാരനായാണ് സുശീൽ ചന്ദ്രയെത്തുന്നത്. തിങ്കളാഴ്‌ച രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ നിയമിച്ചത്. സുശീല്‍ ചന്ദ്ര വ്യാഴാഴ്ച ചുമതലയേല്‍ക്കും.
സുശീൽ ചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
ഇന്ത്യയുടെ ഇരുപത്തിനാലാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുശീൽ ചന്ദ്ര വ്യാഴാഴ്ച ചുമതലയേല്‍ക്കും.
2022 മെയ് 14 വരെയാണ് സുശീൽ ചന്ദ്രയുടെ കാലാവധി. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് അദ്ദേഹം നേതൃത്വം നൽകും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ 2022 മാർച്ചിലും ഉത്തർപ്രദേശിൽ മെയ് മാസവുമാണ് സർക്കാരുകളുടെ കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 ഫെബ്രുവരി 14 ന് ആണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചത്. ഇ-നോമിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ നടപ്പാക്കുന്നതിൽ സുശീൽ ചന്ദ്ര മുഖ്യ പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിൽ എത്തുന്നതിന് മുമ്പ് സിബിഡിടി ചെയർമാനായിരുന്നു അദ്ദേഹം.