ഹൈദരാബാദ്:തെലങ്കാനയിൽ ഡി.എം.ടി മയക്കുമരുന്ന് വിൽപ്പനയ്‌ക്കിടെ രണ്ടുപേര്‍ പിടിയില്‍. ബി.ടെക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്രീറാം, സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ദീപക് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്‌ച ജൂബിലി ഹിൽസിൽ വച്ചാണ് സംഭവം.
സൂര്യപേട്ട പൊലീസിന്‍റേതാണ് നടപടി. പ്രതികളിൽ നിന്ന് എട്ട് ഗ്രാം ഡി.എം.ടി, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇവയ്‌ക്ക് പുറമെ ബീക്കർ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കസ്‌റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:ശ്രീറാമാണ് മയക്കുമരുന്ന് നിര്‍മിച്ചത്. ഹൈദരാബാദിലെ കൊണ്ടാപൂരിലുള്ള ഇയാളുടെ വീട്ടിൽവച്ചാണ് മയക്കുമരുന്ന് തയ്യാറാക്കിയത്. ലഹരിയ്‌ക്ക് അടിമയായ ഇയാള്‍, രണ്ട് വർഷത്തെ ശ്രമഫലമായാണ് ഡി.എം.ടി നിര്‍മിച്ചത്.
വീട്ടില്‍ ഇതിനായി പ്രതി ലബോറട്ടറി സജ്ജമാക്കിയിരുന്നു. തുടക്കത്തിൽ, സുഹൃത്തുക്കള്‍ക്ക് നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഒരു ഗ്രാം ഡി.എം.ടി മരുന്ന് 20 പേർക്ക് ലഹരി നൽകുന്ന തരത്തിലാണ് നിര്‍മിച്ചത്.
ALSO READ |150 സീറ്റ് നേടണം; കർണാടകയിലെ കോൺഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം
പ്രത്യേക രാസവസ്‌തുക്കൾ വാങ്ങിയും ഇന്‍റര്‍നെറ്റിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു നിര്‍മാണം. ഋഷികേശ്, ഹിമാലയം എന്നിവിടങ്ങളിലേക്ക് വന്ന വിദേശ വിനോദസഞ്ചാരികളിൽ നിന്നും ഇയാള്‍ നിര്‍ദേശം തേടുകയുണ്ടായി. അസംസ്‌കൃത വസ്‌തുക്കൾ ഓൺലൈനിൽ നിന്നുമാണ് വാങ്ങിയത്.
വിറ്റത് ഗ്രാമിന് 8,000 രൂപയ്‌ക്ക്:വിജയകരമായി മയക്കുമരുന്ന് തയ്യാറാക്കിയ ശേഷം സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവായ ദീപക്കിന് വില്‍ക്കുകായിരുന്നു. ഗ്രാമിന് 8,000 രൂപയ്ക്കാണ് ഇയാൾ വില്‍പ്പന നടത്തിയത്.
എന്താണ് ഡി.എം.ടി:വിഭ്രാന്തി സൃഷ്‌ടിയ്‌ക്കുന്ന തരത്തിലെ ഒരു മയക്കുമരുന്നാണിത്. (Dimethyltryptamine). വെളുത്ത നിറത്തിലുള്ള പൊടി രൂപത്തിലാണുണ്ടാവുക. സ്‌മോകിങ് പൈപ്പിൽവച്ച് പുകവലിക്കുകയോ, കുത്തിവയ്‌പ് നടത്തുകയോ ചെയ്‌താണ് ഇത് ലഹരിയ്‌ക്കായി ഉപയോഗിക്കുന്നത്.
വളരെ വേഗത്തില്‍ തന്നെ അനന്തര ഫലങ്ങളുണ്ടാക്കാന്‍ ഈ ലഹരി മരുന്നിന് കഴിയും. മാനസികവും ശാരീരികവുമായ നിരവധി പാർശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന ലഹരി വസ്‌തുവാണിത്.