മുംബൈ:ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവ്. ഐപിഎല്ലിന് മുന്നോടിയായാണ് ടി20 സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിനെ ജിയോ സിനിമയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. മാർച്ച് 31 ന് ആരംഭിക്കുന്ന ടാറ്റ ഐപിഎല്ലിന്‍റെ ഡിജിറ്റൽ സ്ട്രീമിങ് പങ്കാളി കൂടിയാണ് ജിയോ സിനിമ.
ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ വരാനിരിക്കുന്ന സീസണിൽ ജിയോ സിനിമയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. 'ജിയോ സിനിമ ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്ക് താങ്ങാവുന്ന നിരക്കിൽ അവരുടെ ലോകോത്തരമായ ഡിജിറ്റൽ കാഴ്‌ചാനുഭവത്തിൽ വിപ്ലവം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ പങ്കാളിത്തത്തിൽ പങ്കുചേരാനായതിൽ ഞാൻ ആവേശവാനാണ്', സൂര്യകുമാർ പറഞ്ഞു.
'ജിയോ സിനിമാസിനെപ്പോലെ ലോകോത്തര നവീകരണം, സമാനതകളില്ലാത്ത ആവേശം, ആരാധകരെ രസിപ്പിക്കുകയും ഇടപഴകുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത എന്നിവയേയാണ് സൂര്യകുമാറും പ്രതിനിധീകരിക്കുക. ടാറ്റ ഐപിഎല്ലിന്‍റെ ഞങ്ങളുടെ അവതരണം സൂര്യകുമാറിന്‍റെ ഉജ്ജ്വലമായ 360-ഡിഗ്രി ശൈലിയിലുള്ള ബാറ്റ്‌സ്‌മാൻഷിപ്പിനെ പ്രതിഫലിപ്പിക്കും. മറ്റ് അതിർ വരമ്പുകളൊന്നുമില്ലാതെ ഉപഭോക്താവിന് ഐപിഎൽ ആസ്വദിക്കാൻ സാധിക്കും', വയാകോം 18 സ്‌പോർട്‌സ് സിഇഒ അനിൽ ജയരാജ് പറഞ്ഞു.
4-കെ യിൽ സൗജന്യമായി: അതേസമയം ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ ജിയോ സിനിമയിലൂടെ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് റിയലൻസ് ജിയോ സ്ഥിരീകരിച്ചിട്ടുണ്ട്. ഐപിഎല്ലിന്‍റെ ടെലിവിഷൻ സംപ്രേക്ഷണവകാശം സ്റ്റാർ ഗ്രൂപ്പാണ് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ജിയോ സിനിമാസിനാണ്. അതേസമയം 4കെ റെസല്യൂഷനിലാകും മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുക എന്നും റിലയൻസ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ആപ്പിലൂടെ ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി, തെലുഗു, മറാത്തി, ഗുജറാത്തി, ബംഗാളി, ഭോജ്‌പുരി തുടങ്ങി 12ഓളം വ്യത്യസ്‌ത ഭാഷകളിൽ ഐപിഎൽ മത്സരങ്ങൾ കാണാനാകും. കൂടാതെ ഭാഷ മാറ്റിയാൽ കമന്‍ററിയും, സ്‌കോർ വിവരക്കണക്കുകളും ആ ഭാഷയിലേക്ക് മാറും. കൂടാതെ ഫിഫ ലോകകപ്പിലേത് പോലെ മൾട്ടി ക്യാമറ ആംഗിളുകളിൽ മത്സരം കാണാനുള്ള സജ്ജീകരണങ്ങളും ജിയോ ഒരുക്കിയിട്ടുണ്ട്.
2022 ൽ 20,500 കോടി രൂപയ്ക്കാണ് റിലയൻസിന്‍റെ നേതൃത്വത്തിലുള്ള വയാകോം-18 ഐപിഎല്ലിന്‍റെ 2023- 2027 സീസണുകളുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. 2023 മുതൽ 2027 വരെയുള്ള അഞ്ച് സീസണുകളിലെ 410 ഐപിഎൽ മത്സരങ്ങളുടെ സംപ്രേക്ഷണവകാശമാണ് വയാകോം-18 സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 50 കോടി രൂപയാണ് ഡിജിറ്റൽ സംപ്രേക്ഷണവകാശത്തിനായി വയകോം- 18 നൽകുന്നത്.
ഇനി ദിവസങ്ങൾ മാത്രം: മാർച്ച് 31ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും, മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് ഐപിഎൽ 2023 സീസന്‍റെ ആദ്യ മത്സരം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്‌ഘാടന, ഫൈനൽ മത്സരങ്ങൾ. മെയ് 28നാണ് ഫൈനൽ. 10 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റിൽ ഓരോ ടീമിനും ഏഴ് വീതം ഹോം, എവേ മത്സരങ്ങൾ കളിക്കും.