ബാലസോര്‍ (ഒഡിഷ): 'കോറോമണ്ഡല്‍ എക്‌പ്രസിന്‍റെ എസ് അഞ്ച് കോച്ചിലായിരുന്നു ഞങ്ങള്‍. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്ന് ആദ്യം മനസിലായില്ല. പിന്നീടാണ് ട്രെയിന്‍ അപകടത്തില്‍ പെട്ടു എന്ന് വ്യക്തമായത്. ഭാഗ്യം കൊണ്ട് ഞങ്ങളുടെ കോച്ചില്‍ ഉണ്ടായിരുന്നവര്‍ക്ക് കാര്യമായ പരിക്കൊന്നും സംഭവിച്ചില്ല' -രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട യാത്രക്കാരന്‍റെ വാക്കുകളാണിത്. സംഭവ സമയത്തെ അനുഭവം പറഞ്ഞ് അവസാനിപ്പിക്കുമ്പോഴും അയാളുടെ മുഖത്തെ അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല.
കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട പെയിന്‍റിങ് തൊഴിലാളികളില്‍ ഒരാളാണ് തന്‍റെ അനുഭവം പങ്കുവച്ചത്. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിലായിരുന്നു ഇവര്‍ യാത്ര ചെയ്‌തിരുന്നത്. ഈ കോച്ചിലെ യാത്രക്കാരെ അപകടം വലിയ തോതില്‍ ബാധിച്ചിട്ടില്ല എന്നാണ് യാത്രക്കാരന്‍ നല്‍കിയ വിവരം.
ട്രെയിനിന്‍റെ നിരവധി കോച്ചുകള്‍ പാളം തെറ്റി മറിയുന്നത് കണ്ടു എന്നും ആ നിമിഷം ഹൃദയം നിലയ്‌ക്കുന്നത് പോലെ തോന്നിയെന്നും യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു. വലിയ ശബ്‌ദം കേട്ടുവെന്നും കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു എന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ ഇപ്പോൾ വീട്ടിലേക്ക് പോകുന്നു, ഞങ്ങൾ സുഖമായിരിക്കുന്നുവെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്' -യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാത്രി ആണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം ഉണ്ടായത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചു. അപകടത്തില്‍ 233 പേര്‍ മരിച്ചു. 900ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.