അന്തരിച്ച പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി അദ്ദേഹത്തിന് നേരിട്ട് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തെന്നിന്ത്യന്‍ താരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്‍റെ വീട്ടിലെത്തി, സംവിധായകന്‍റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്.
സംവിധായകന്‍ സിദ്ദിഖിന്‍റെ വീട് സന്ദര്‍ശിക്കുന്ന സൂര്യയുടെ ദൃശ്യങ്ങള്‍ ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സൂര്യയും സിദ്ദിഖിന്‍റെ വിയോഗത്തില്‍ ഹൃദയ ഭേദകമായൊരു അനുശോചന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പകരം വയ്‌ക്കാനില്ലാത്ത നഷ്‌ടമാണ് സിദ്ദിഖിന്‍റെ വിടവാങ്ങല്‍ എന്നാണ് സൂര്യ പ്രതികരിച്ചത്.
'ഓർമകൾ കടന്നു വരുന്നു, ഹൃദയം ഭാരമായി അനുഭവപ്പെടുന്നു. സിദ്ദിഖ് സാറിന്‍റെ വിയോഗം നികത്താനാവാത്ത നഷ്‌ടമാണ്. ഫ്രണ്ട്സ് എനിക്കൊരു പ്രധാന സിനിമ ആയിരുന്നു. സിദ്ദിഖ് സാർ എപ്പോഴും പ്രോത്സാഹനം നൽകുന്ന വ്യക്തിയായിരുന്നു. ഞങ്ങൾ സീനിൽ ചെറിയ ഒരു മെച്ചപ്പെടുത്തൽ വരുത്തിയാലും അദ്ദേഹം അഭിനേതാക്കളെ അഭിനന്ദിക്കും.
ചിത്രീകരണത്തിനിടെയും എഡിറ്റിങ്ങിനിടെയും എന്‍റെ പ്രകടനത്തിലെ അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ അപ്പോള്‍ തന്നെ എന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്‌ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.
ഫ്രണ്ട്സ് എന്ന സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകന്‍ ആയിരുന്നു. സീനിയറും ആയിരുന്നു. പക്ഷേ അദ്ദേഹം ഞങ്ങളെ എല്ലാവരെയും ഒരു പോലെ കണ്ടു. സെറ്റിൽ അദ്ദേഹം ഒന്ന് ശബ്‌ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ ഞാന്‍ കണ്ടിട്ടില്ല.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനായത് എന്നെന്നും വിലമതിക്കുന്ന ഒരു അനുഭവമാണ്. അദ്ദേഹത്തെ കാണുന്നതിന് മുമ്പ് എനിക്കില്ലാത്ത എന്തോ ഒന്ന്. അദ്ദേഹത്തെ കണ്ടു മുട്ടിയ ശേഷം അദ്ദേഹം എനിക്ക് തന്നു. എന്നിലും എന്‍റെ കഴിവിലും വിശ്വസിക്കാനുള്ള ആത്മവിശ്വാസമാണ് അദ്ദേഹം എനിക്ക് തന്നത്.
വർഷങ്ങൾക്ക് ശേഷം, ഞങ്ങൾ എവിടെ വച്ച് കണ്ടുമുട്ടിയാലും, എന്‍റെ കുടുംബത്തെ കുറിച്ചും എന്‍റെ സന്തോഷത്തെ കുറിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഒരു നടന്‍ എന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്. അദ്ദേഹത്തെ ഞാൻ ഒരുപാട് മിസ് ചെയ്യും.
അദ്ദേഹത്തിന്‍റെ ഈ വേര്‍പാടില്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും വേദനയില്‍ ഞാനും പങ്കുചേരുന്നു. അവര്‍ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ ഓർമകൾ ജീവിതകാലം മുഴുവൻ ഞാൻ എന്‍റെ ജീവിതത്തിൽ നിലനിർത്തും.' -ഇപ്രകാരമാണ് സൂര്യ ട്വീറ്റ് ചെയ്‌തത്.
സംവിധായകന്‍റെ വിയോഗത്തില്‍ മലയാളത്തിലെ താര രാജാക്കന്‍മാരും സോഷ്യല്‍ മീഡിയയിലൂടെ അനുശോചന കുറിപ്പ് പങ്കുവച്ചിരുന്നു. 'വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ... അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ അനുഭവിച്ചു കൊണ്ട് തന്നെ... സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി'- ഇപ്രകാരമാണ് മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.
എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ.
വിഷയങ്ങളിലെ വൈവിധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്‌ടപ്പെടുത്തരുതെന്ന് ഓർമിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു.
അദ്ദേഹം അസിസ്‌റ്റന്‍റ് ഡയറക്‌ടറായി പ്രവർത്തിച്ച ആദ്യ ചിത്രം 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതൽ അവസാന ചിത്രമായ 'ബിഗ് ബ്രദറി'ൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ് ബ്രദർ തന്നെ ആയിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ' - ഇപ്രകാരമാണ് മോഹൻലാൽ കുറിച്ചത്.
Also Read:'എന്തിനായിരുന്നു ഇത്ര ധൃതി പിടിച്ചുള്ള യാത്ര?'; ഹിറ്റ് മേക്കര്‍ക്ക് സിനിമ സംവിധായകരുടെ ആദരാഞ്‌ജലി