ഗാന്ധിനഗർ : ഗുജറാത്തിൽ വനിത അസിസ്റ്റന്‍റ് പ്രൊഫസർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വഴിത്തിരിവ്. പാകിസ്ഥാനിൽ നിന്നും ബിഹാറിൽ നിന്നും പ്രവർത്തിക്കുന്ന ചില സംഘങ്ങള്‍ക്ക് ആത്മഹത്യയില്‍ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സൂറത്തിലെ ജഹാംഗീർപുര പ്രദേശത്ത് താമസിക്കുന്ന അസിസ്റ്റന്‍റ് പ്രൊഫസർ ഭീഷണിയിലും പണം തട്ടിയെടുക്കലിലും മനം നൊന്താണ് ജീവനൊടുക്കിയത്.
ഇവരുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം മോർഫ് ചെയ്‌ത് നഗ്‌ന ചിത്രമാക്കി ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് അന്വേഷിക്കുന്ന സൂറത്ത് പൊലീസ് ബിഹാറിലെ ജാമുയി മേഖലയിൽ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു.
അഭിഷേക് സിംഗ്, റോഷൻ കുമാർ സിംഗ്, സൗരഭ് എന്നിവരാണ് പിടിയിലായത്. ഇവരെ ട്രാൻസിറ്റ് റിമാൻഡിൽ സൂറത്തിലെത്തിച്ചു. മൂവരുടേയും ഫോണിൽ നിന്ന് 72 ലധികം വ്യത്യസ്‌ത യുപിഐ ഐഡികൾ പൊലീസ് കണ്ടെത്തി. കൂടാതെ സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാര ജൂഹി എന്ന സ്‌ത്രീയാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇവർ നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയെടുത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു വിഹിതം ജൂഹി പാകിസ്ഥാനിലേയ്‌ക്ക് അയച്ചിരുന്നു. കേസിൽ നാല് പ്രതികളെ കൂടി കിട്ടാനുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
also read :പരീക്ഷ ഫലം വന്നതിന് പിന്നാലെ ആത്മഹത്യ; തെലങ്കാനയിൽ ജീവനൊടുക്കിയത് എട്ട് വിദ്യാർഥികൾ
പിടിയിലായ പ്രതികളുടെ മൊബൈലിൽ പാകിസ്ഥാൻ വിലാസവും ഇതിനൊപ്പം സുൽഫിക്കര്‍ എന്നൊരു പേരും സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ പ്രതിയുടെ മൊബൈലുകൾ പാകിസ്ഥാനിലെ ഒരു ഇ മെയിൽ ഐഡിയുമായി ബന്ധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നിരവധി പേർ സംഘത്തിന്‍റെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. ഇവരുടെ വഞ്ചനയ്ക്ക് ഇരയായവരില്‍ പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടും. വ്യാജ ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കി പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി.
സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കി :മെയ് രണ്ടിനാണ് കോട്ടയത്ത് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ഒരു യുവതി ആത്മഹത്യ ചെയ്‌തത്. കോട്ടയം കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശി ആതിരയെയാണ് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ആതിരയുടെ മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി പിന്നീട് ജീവനൊടുക്കുകയായിരുന്നു.
also read :കോട്ടയത്ത് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ സുഹൃത്തിനെതിരെ കേസ്
യുവതിയുടെ സുഹൃത്തായിരുന്ന അരുൺ യുവതിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ആതിര ഏറെ നാള്‍ മുന്‍പ് തന്നെ ഉപേക്ഷിച്ചതാണ്.ശേഷം അരുൺ വിദ്യാധരൻ ഫേസ്‌ബുക്കിലൂടെ അധിക്ഷേപ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് പിന്നാലെ യുവതി കടുത്തുരുത്തി സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നാലെ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.