സൂറത്ത് (ഗുജറാത്ത്): ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വച്ച ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അപകടം. സൂറത്തിലെ പല്‍സാന താലൂക്കിലാണ് സംഭവം. രാത്രി വീടിനുള്ളിൽ, ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വച്ച ബൈക്കിന് തീപിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് ചാര്‍ജിലിട്ട് വീട്ടുകാര്‍ ഉറങ്ങവെയാണ് അപകടം. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ചാര്‍ജിലിട്ട ഇലക്‌ട്രിക് ബൈക്ക് പുലര്‍ച്ചെയോടെ പൊട്ടിത്തെറിച്ചു ; സൂറത്തില്‍ ഈയാഴ്‌ചത്തെ രണ്ടാം സംഭവം - ബാറ്ററി
സൂറത്തിലെ അന്ത്രോളിയില്‍ രാത്രി ചാര്‍ജിലിട്ട ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ നാശനഷ്‌ടം, ആളപായമില്ല
പല്‍സാനയിലെ അന്ത്രോളി ഗ്രാമത്തിലെ സൻമുഖ്ഭായ് ദൽപത്ഭായ് മോദിയുടെ ഇലക്‌ട്രിക് വാഹനമാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ വലിയ ഒച്ചയില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ഉണര്‍ന്നു. വീടാകെ തീ പടര്‍ന്നതോടെ കുടുംബം പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
അഗ്നിബാധ നിയന്ത്രണവിധേയമാക്കാന്‍ പ്രദേശവാസികള്‍ തുടര്‍ച്ചയായി വെള്ളം ഒഴിച്ചുവെങ്കിലും തീ അണയ്‌ക്കാനായില്ല. തുടര്‍ന്ന് അഗ്നിശമന സേന നേരിട്ടെത്തി തീ അണയ്‌ക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് മോട്ടോർസൈക്കിളുകളും പൂർണമായും കത്തിനശിച്ചു. അതേസമയം സൂറത്തില്‍ ഈയാഴ്‌ച ഇലക്‌ട്രിക് ബൈക്കിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചുള്ള രണ്ടാമത്തെ അപകടമാണിത്. നാല് ദിവസം മുമ്പായിരുന്നു ആദ്യത്തേത്.