സൂറത്ത് (ഗുജറാത്ത്) :ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായി അവതരിക്കാന്‍ സൂറത്തിലെ ഡയമണ്ട് ബോഴ്‌സ് ഒരുങ്ങിക്കഴിഞ്ഞു. ഈ രാജകീയ സമുച്ചയം പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും (Surat Diamond Bourse). 35.54 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ ഓഫിസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത് 3400 കോടി രൂപചെലവിട്ടാണ്. വജ്ര ഖനനത്തിന് പേര് കേട്ട ഇന്ത്യയിലെ ഏറ്റവും വലിയ സ്പെഷ്യല്‍ നോട്ടിഫൈഡ് സോണിലാണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്.
ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, ഡയമണ്ട് ബോഴ്‌സിന്‍റെ ചെയര്‍മാന്‍ വല്ലഭ് ലഖ്‌നി, ഡയറക്‌ടര്‍ മാത്തൂര്‍ സവാനി, ഗോവിന്ദ് ധോലാക്കിയ, ലാല്‍ജി പട്ടേല്‍, സൂറത്ത് ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ദിനേഷ് നവാഡിയ, ബോഴ്‌സ് കമ്മിറ്റിയിലെ അംഗങ്ങള്‍, വജ്രവ്യവസായ മേഖലയില്‍ നിന്നുള്ളവര്‍ തുടങ്ങിയ വലിയ നിരയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
രാജ്യാന്തര വജ്രവ്യാപാരികള്‍ക്ക് രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങള്‍ നല്‍കുക എന്നത് ലക്ഷ്യമിട്ടാണ് ഈ ഓഫിസ് സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സമ്പദ് ഘടനയിലേക്ക് നേരിട്ട് സംഭാവന നല്‍കുകയും ചെയ്യുന്നവരാണ് ഈ രാജ്യാന്തര വ്യാപാരികള്‍. ഇന്ത്യയില്‍ നിന്നുള്ള ആഭരണങ്ങള്‍, വജ്രങ്ങള്‍, മറ്റ് വിലപിടിപ്പുള്ള രത്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയും ഇറക്കുമതിയും വ്യാപാരവും സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.
അറിയാം സൂറത്തിലെ ഈ സ്വപ്‌ന സൗധത്തെക്കുറിച്ച്(all about the world's largest office complex): വ്യവസായികളും സന്ദര്‍ശകരും അടക്കം 67,000 ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഈ സമുച്ചയത്തിനുണ്ട്. പരിശോധന പോയിന്‍റുകള്‍, പൊതു അറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം, പ്രവേശനകവാടത്തില്‍ കാര്‍ സ്‌കാനറുകള്‍ തുടങ്ങിയവ അടക്കം നിരവധി സുരക്ഷ നടപടികളും ഇവിടെയുണ്ട്.
67 ലക്ഷം ചതുരശ്ര അടിയിലായി 4500 വജ്ര വ്യാപാര ഓഫിസുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കെട്ടിടത്തിലെ സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കാനായി ബില്‍ഡിങ് മാനേജ്മെന്‍റ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
300 ചതുരശ്ര അടിമുതല്‍ ഒരു ലക്ഷം ചതുരശ്ര അടിവരെയുള്ള ഓഫിസുകള്‍ രാജ്യത്തെ രണ്ടാമത്തെ വജ്ര വ്യാപാര കേന്ദ്രമായ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ ടവറുകളെയും ഓരോ നിലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1407 അടി വലിപ്പമുള്ള കെട്ടിടത്തിന്‍റെ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തൂണുകള്‍ പോലുള്ള നിര്‍മിതികളുമുണ്ട്. 24 അടി വിസ്‌തൃതിയിലാണ് നിര്‍മാണം.
കയറ്റുമതി, ഇറക്കുമതി എന്നിവയ്‌ക്ക് ആവശ്യമായ കസ്റ്റംസ് പരിശോധന നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്. നാല് ലോക്കര്‍ സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. എല്ലാ ഓഫിസുകള്‍ക്കും മുന്നില്‍ പൂന്തോട്ടവുംഒരുക്കിയിട്ടുണ്ട്. 340000 മീറ്റര്‍ നീളമുള്ള കുഴലുകള്‍ ഉപയോഗിച്ച് ശീതികരണ സംവിധാനവും ഒരുക്കിയിരിക്കുന്നു.