സൂറത്ത് : രാജ്യത്തെ സൈബര്‍ ക്രൈം ഹോട്‌സ്‌പോട്ടായി ഗുജറാത്തിലെ സൂറത്ത് മാറുന്നു എന്ന് ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍റെ കണ്ടെത്തല്‍ (Surat cyber crime hotspot in India). ഗുജറാത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൂറത്തിലാണ്. സംസ്ഥാനത്തെ മൊത്തം സൈബര്‍ കുറ്റകൃത്യങ്ങള്‍ എടുത്താല്‍ അതിന്‍റെ 26 ശതമാനവും സംഭവിച്ചിരിക്കുന്നത് സൂറത്തിലാണ് എന്നാണ് ഐഐടി കാണ്‍പൂര്‍ നടത്തുന്ന ഫ്യൂച്ചര്‍ ക്രൈം റിസര്‍ച്ച് ഫൗണ്ടേഷന്‍റെ റിപ്പോര്‍ട്ട് (Future Crime Research Foundation report on Cyber Crime).
സൂറത്തിന് പുറമെ 18 സംസ്ഥാനങ്ങളില്‍ നിന്നായി 83 ചെറു പട്ടണങ്ങളും നഗരങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഫൗണ്ടേഷന്‍റെ പഠനം പറയുന്നു. 2020 മുതല്‍ 2023 ജൂണ്‍ (cyber crimes in India in 2023) വരെ രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്‌ത സൈബര്‍ ക്രൈം കേസുകള്‍ വിശകലനം ചെയ്‌ത് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഹാക്കിങ്, ആള്‍മാറാട്ടം എന്നിവയാണ് ഫൗണ്ടേഷന്‍റെ റിപ്പോര്‍ട്ടില്‍ പട്ടികപ്പെടുത്തിയ, സര്‍വ സാധാരണയായി നടക്കുന്ന കുറ്റകൃത്യങ്ങള്‍.
2022 ല്‍ മാത്രം സൂറത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 371 കേസുകളാണ്. ഇതേ വര്‍ഷം അഹമ്മദാബാദില്‍ 261 കേസുകളും ബറോഡയില്‍ 55 കേസുകളും രാജ്‌കോട്ടില്‍ 38 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കച്ച് വെസ്റ്റ്, ഖേദ ജില്ലകളാണ് മറ്റ് ദുര്‍ബല മേഖലകള്‍.
ഇതേ കാലയളവില്‍ അഹമ്മദാബാദ് റൂറലില്‍ 20 സൈബര്‍ ക്രൈം കേസുകളും രാജ്‌കോട്ട് റൂറലില്‍ 13 കേസുകളും സൂറത്ത് റൂറലില്‍ 18 കേസുകളും വഡോദര റൂറലില്‍ 15 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അതേസമയം സൈബര്‍ റേഞ്ച് അടിസ്ഥാനപ്പെടുത്തിയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ അഹമ്മദാബാദ് റേഞ്ചില്‍ മാത്രം 35 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്‌കോട്ടില്‍ മൂന്ന് കേസുകളും സൂറത്ത്, ബറോഡ സൈബര്‍ റേഞ്ചുകളില്‍ എട്ട് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.