കേരളം

kerala

ETV Bharat / bharat

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും, അപ്പീല്‍ തള്ളി സൂറത്ത് സെഷന്‍സ് കോടതി

രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി സൂറത്ത് കോടതി. അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി

By

Published : Apr 20, 2023, 11:22 AM IST

Updated : Apr 20, 2023, 1:27 PM IST

surat court verdict on rahul gandhis plea  modi defarmation case  rahul gandhi  surat court  മോദി പരാമർശത്തിലെ അപകീർത്തി കേസ്  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ഹർജി
രാഹുൽ ഗാന്ധി

സൂറത്ത് :മോദി അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. രാഹുലിന്‍റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള അയോഗ്യത തുടരും. അപകീർത്തി കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്.

ഇതിന്‍മേല്‍ പരാതിക്കാരനായ പൂർണേഷ് മോദിക്കും സംസ്ഥാന സർക്കാരിനും കോടതി നോട്ടിസ് അയച്ചിരുന്നു. ഇരു കക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് രാഹുൽ ഗാന്ധിയുടെ ഹർജി സൂറത്ത് അഡീഷണൽ സെഷൻസ് ജഡ്‌ജി ആർ പി മാഗേര തള്ളിയത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.

കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയിൽ നിന്ന് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. തുടർന്ന് കേസിൽ അപ്പീൽ നൽകിയ രാഹുൽ ഗാന്ധിക്ക് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

കേസിന്‍റെ നാള്‍വഴി : മാർച്ച് 23നാണ് മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്. തുടർന്ന് മാർച്ച് 24ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. മാർച്ച് 27ന്, എംപി എന്ന നിലയിൽ അനുവദിച്ച ബംഗ്ലാവ് ഏപ്രിൽ 22നകം ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 3ന് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകുകയും ജാമ്യകാലാവധി സെഷൻസ് കോടതി നീട്ടി നൽകുകയും ചെയ്‌തു. ഏപ്രിൽ 13ന് കോടതി ഇരു കക്ഷികളുടെയും വാദം കേട്ട് വിധി പറയാനായി ഏപ്രിൽ 20ലേക്ക് മാറ്റി. തുടർന്ന് ഇന്ന് സൂറത്ത് സെഷന്‍സ് കോടതി രാഹുലിന്‍റെ അപ്പീൽ തള്ളി.

മോദി പരാർമശത്തിലെ അപകീർത്തി കേസ് : 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദം പരാമർശം. 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ. എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത്' - എന്നായിരുന്നു രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞത്. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി പരാതി നൽകി.

രാഹുലിന്‍റെ പരാമർശം മോദി സമുദായത്തെയാകെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. പിന്നാലെ രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടുകയായിരുന്നു.

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നിര : അയോഗ്യതാനടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തി. ബിജെപി സർക്കാർ വൈരാഗ്യത്തിന്‍റെയും വേട്ടയാടലിന്‍റെയും രാഷ്‌ട്രീയം പയറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഹുൽ ഗാന്ധിക്കെതിരായ അയോഗ്യതാനടപടിക്കെതിരെ കോൺഗ്രസ് രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തു.

Last Updated : Apr 20, 2023, 1:27 PM IST

ABOUT THE AUTHOR

...view details