മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ ലൈംഗികാതിക്രമം നടത്തി റോഡിലൂടെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (Suraj Venjaramoodu) രൂക്ഷമായി പ്രതികരിച്ചിരുന്നു. മണിപ്പൂരിലെ സംഭവം അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍ നിലപാടറിയിച്ചത്.
എന്നാല്‍ അല്‍പസമയം കഴിഞ്ഞ് സുരാജ് തന്‍റെ പോസ്‌റ്റ് നീക്കം ചെയ്‌തതായി വാര്‍ത്തകള്‍ വന്നു. ഇതേ തുടര്‍ന്ന് നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ താന്‍ പോസ്‌റ്റ് നീക്കം ചെയ്‌തിട്ടില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.
കമ്മ്യൂണിറ്റി സ്‌റ്റാന്‍ഡേര്‍ഡ്‌സ് നിയമപ്രകാരം ഫേസ്‌ബുക്ക് അധികൃതരാണ് തന്‍റെ പോസ്‌റ്റ് നീക്കം ചെയ്‌തതെന്ന് സുരാജ് വ്യക്തമാക്കി. 'മണിപ്പൂരിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് അല്‍പം മുമ്പ് പങ്കുവച്ച പോസ്‌റ്റ് കമ്മ്യൂണിറ്റി സ്‌റ്റാൻഡേര്‍ഡ്‌സിന് എതിരാണെന്ന കാരണത്താൽ ഫേസ്ബുക്കും ഇൻസ്‌റ്റഗ്രാമും നീക്കം ചെയ്‌തതായി കാണുന്നു... ഷെയർ ചെയ്‌തവർ ശ്രദ്ധിക്കുമല്ലോ...' - തന്‍റെ പുതിയ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ സുരാജ് കുറിച്ചു.
'മണിപ്പൂർ അസ്വസ്ഥത ഉണ്ടാക്കുന്നു... അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു... ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' - സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ഈ പോസ്‌റ്റാണ് നീക്കം ചെയ്യപ്പെട്ടത്.
മണിപ്പൂരിലെ സംഭവം രാജ്യം വളരെ ഞെട്ടലോടെയാണ് കേട്ടത്. രണ്ട് ദിവസം മുമ്പാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ രാജ്യത്തിന്‍റ വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയരുകയാണ്. രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
എഴുത്തുകാരി എസ് ശാരദക്കുട്ടിയും (Saradakutty Bharathikutty) മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിച്ചു. ശരീരം ഉണ്ടായിപ്പോയ പെണ്‍മക്കളെ ഓർത്ത് ഭയമാകുന്നു എന്നാണ് ശാരദക്കുട്ടി പറഞ്ഞത്. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
'മണിപ്പൂർ പൊള്ളിക്കുന്നു. രണ്ട് കുക്കി സ്ത്രീകളെ പൂർണ നഗ്നരാക്കി, തെരുവിലൂടെ ശരീരത്തിലെ രഹസ്യ ഭാഗങ്ങളിൽ സ്‌പർശിച്ച് രസിച്ച് നടന്നുപോകുന്ന അധമന്മാരെ കുറിച്ചുള്ള വാർത്ത കേട്ടു. കാണാനുള്ള ശക്തിയില്ല. ഇതെന്താ ഇവിടെ മനുഷ്യരില്ലേ? മനുഷ്യരൂപം ധരിച്ച ബലാത്സംഗികളേ ഉള്ളോ? മഹാശ്വേത ദേവിയുടെ ദ്രൗപദി ചോദിക്കുന്നത് ഓർമ വരുന്നു, ഇവിടെ ഒരൊറ്റ ആണുപോലും ഇല്ലല്ലോ. പിന്നെ ഞാനെന്തിന് ഭയക്കണം ?
നിങ്ങൾക്ക് ഞങ്ങളെ തുണി ഉടുപ്പിക്കാന്‍ അറിയില്ലല്ലോ. അതിനാവില്ലല്ലോ. പക്ഷേ, ഭയമാകുന്നു. മണിപ്പൂരിനെ ഓർത്ത് മാത്രമല്ല, ഇന്ത്യ എങ്ങോട്ടെന്നോർത്തും ഭയം ആകുന്നു. മനുഷ്യാകാരം പൂണ്ട ലിംഗാധമന്മാരെ ഓർത്ത് ഭയമാകുന്നു. ശരീരം ഉണ്ടായി പോയതോര്‍ത്ത് ഭയമാകുന്നു. ശരീരം ഉണ്ടായിപ്പോയ പെണ്‍മക്കളെ ഓർത്ത് ഇങ്ങനെ നീറി നീറി ജീവിക്കാന്‍ ഭയമാകുന്നു' - ശാരദക്കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചു.
Also Read:'അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു'; മണിപ്പൂര്‍ സംഭവത്തില്‍ സുരാജ് വെഞ്ഞാറമൂടും ശാരദക്കുട്ടിയും
ബോളിവുഡ് താരം അക്ഷയ് കുമാറും (Akshay Kumar) സംഭവത്തില്‍ പ്രതികരിച്ചിരുന്നു. ട്വീറ്റിലൂടെയായിരുന്നു അക്ഷയ് കുമാറിന്‍റെ പ്രതികരണം. 'ഞെട്ടിപ്പോയി, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ടപ്പോള്‍ വെറുപ്പ് തോന്നി. ഇനിയാരും ഇത്തരമൊരു മോശം പ്രവര്‍ത്തി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരിക്കാന്‍ കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' - അക്ഷയ് കുമാര്‍ കുറിച്ചു.