പൂനെ:ഡല്‍ഹിയിലും മഹാരാഷ്‌ട്രയിലും 15 ദിവസത്തിനുള്ളിൽ രണ്ട് വലിയ 'രാഷ്‌ട്രീയ സ്‌ഫോടനം' ഉണ്ടാകുമെന്ന സൂചന നൽകി മുതിർന്ന എൻസിപി എംപി സുപ്രിയ സുലെ. എൻസിപി നേതാവ് അജിത് പവാർ ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്‍റെ ബന്ധുകൂടിയായ സുപ്രിയ രംഗത്തെത്തിയത്. ഒരു 'സ്ഫോടനം' ഡൽഹിയിലും മറ്റൊന്ന് മഹാരാഷ്‌ട്രയിലുമാണ് നടക്കുകയെന്നും അവര്‍ സൂചന നല്‍കി.
ALSO READ |'എപ്പോഴും എന്‍സിപിയോടൊപ്പം'; ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജിത് പവാര്‍
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പരോക്ഷമായാണ് സുപ്രിയ സുലെ പ്രതികരിച്ചത്. 'എന്താണ് 'സ്ഫോടനം' എന്ന് നിങ്ങൾക്കറിയാം. യാഥാര്‍ഥ്യവുമായി മുന്നോട്ടുപോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ കാര്യങ്ങളെക്കുറിച്ച് എന്നോട് ചോദിച്ചാൽ, ഞാൻ നിങ്ങളോട് കാര്യങ്ങള്‍ വ്യക്തമായി പറയാം. എന്നാല്‍, 15 ദിവസത്തിന് ശേഷം എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല'.
അജിത് പവാര്‍ പാര്‍ട്ടി വിടുമോ എന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് എന്തുകൊണ്ടാണ് നിങ്ങള്‍ ചോദിക്കാത്തത്. എനിക്ക് ഇതേക്കുറിച്ച് വ്യക്തമായി ഒന്നുമറിയില്ല. ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ധാരാളം ജോലിയുണ്ട്. ഗോസിപ്പിന് വേണ്ടി ചെലവഴിക്കാന്‍ സമയമില്ല' - സുപ്രിയ സുലെ വ്യക്തമാക്കി.
കൂറുമാറുമെന്ന വാര്‍ത്തകള്‍ തള്ളി അജിത് പവാര്‍:ബിജെപിയിലേക്ക് കൂറുമാറുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍ രംഗത്തെത്തി. തനിക്ക് നേരെ ഉയര്‍ന്നത് അപവാദമാണ്. തന്നെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹത്തോട് പ്രതികരിച്ചത്.