ന്യൂഡൽഹി:സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നതിന്‍റെ സാധുതയിൽ കേന്ദ്രത്തെ ചോദ്യം ചെയ്‌ത് സുപ്രീംകോടതി. സർക്കാരിനെതിരെ സംസാരിക്കുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് നിയമത്തെ ദുരുപയോഗം ചെയ്യുന്നതിലും കോടതി ആശങ്ക പ്രകടിപ്പിച്ചു.
മഹാത്മാ ഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യ സമരസേനാനികളെ നിശബ്‌ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന ഒരു കൊളോണിയൽ നിയമമാണ് രാജ്യദ്രോഹ കുറ്റമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
ഐ-ടി നിയമത്തിലെ സെക്ഷൻ 66 എയിലൂടെ അഭിപ്രായങ്ങൾ സംപ്രേഷണം ചെയ്‌തതിന് ആയിരങ്ങളെ അറസ്റ്റ് ചെയ്‌ത് നിയമത്തെ ദുരുപയോഗം ചെയ്‌തതിരുന്നതിനും കോടതി ഊന്നൽ നൽകി. ഒരു ഗ്രാമത്തിലെ പൊലീസ് ഉദ്യോഗസ്ഥന് പോലും രാജ്യദ്രോഹക്കുറ്റം ചുമത്താൻ കഴിയുമെന്നും ഈ വിഷയങ്ങളെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.